Top

ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കും; ആലപ്പുഴയിലെ സിപിഐഎം രാഷ്ട്രീയം കലങ്ങി മറിയുന്ന ഒന്ന്

ജി സുധാകരന്‍ ഇനി എങ്ങനെ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

6 Nov 2021 2:41 PM GMT
ആർ അരുൺ രാജ്

ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കും; ആലപ്പുഴയിലെ സിപിഐഎം രാഷ്ട്രീയം കലങ്ങി മറിയുന്ന ഒന്ന്
X

ആലപ്പുഴയിലെ സിപിഐഎം രാഷ്ട്രീയമെന്നും കലങ്ങി മറിയുന്ന ഒന്നാണ്. ഗൗരിയമ്മയില്‍ തുടങ്ങി ജി സുധാകരനില്‍ വരെ എത്തി നില്‍ക്കുന്ന പാര്‍ട്ടി നടപടികള്‍ ആലപ്പുഴ സിപിഐഎമ്മിന്റെ ചരിത്രം കൂടിയാണ്. ജി സുധാകരന് എതിരെയുള്ള നടപടി പാര്‍ട്ടി നിര്‍ദേശം ലംഘിക്കുന്ന തങ്ങളുടെ അണികള്‍ക്കും നേതാക്കള്‍ക്കും നല്‍കുന്ന സന്ദേശം കൂടിയാണ്.

കനല്‍ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്ട്രീയം. 50 വര്‍ഷമായി വിഭാഗീയതയുടെ വാര്‍ത്തകള്‍ക്കൊപ്പമാണ് ആലപ്പുഴ സിപിഐഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തെരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടിക്ക്. ഏറ്റവും ഒടുവില്‍ ജി. സുധാകരനെതിരായ നടപടികളിലൂടെ ആലപ്പുഴ രാഷ്ട്രീയം ചൂടാകുകയാണ്.

ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കും. ആലപ്പുഴയിലും ചരിത്രം ആവര്‍ത്തിക്കുകയാണ്. ജനകീയനെങ്കിലും കലഹപ്രിയനായ നേതാവ്. ഗൗരിയമ്മ പുറത്താകുമ്പോഴും ആഞ്ചലോസ് പുറത്തേക്ക് പോകുമ്പോഴും വി.എസ് തോല്‍ക്കുമ്പോഴും ജി. സുധാകരന്‍ ആലപ്പുഴയില്‍ ശക്തനായ നേതാവായിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്നവരാണ്.

സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന് എന്നും ഉണ്ടായിരുന്നത്. അതിന് ജനസമ്മതിയുമുണ്ട്. നടപടിയെടുത്ത പാര്‍ട്ടിയുടെ രീതി അനുസരിച്ച് കൂടെ നില്‍ക്കാനും ആരുമുണ്ടാകില്ല. മറ്റുള്ളവര്‍ക്ക് വിധേയനായി നില്‍ക്കുന്ന ശൈലി അദ്ദേഹത്തിന് പരിചിതമല്ല. ജി സുധാകരന്‍ ഇനി എങ്ങനെ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

Next Story