Top

'ഞാൻ സീറ്റിൽ നിന്ന് എഴുനേൽക്കുന്നതിന് മുമ്പാണ് അവർ ചാടിക്കളിക്കുന്നത്'; ഇൻഡിഗോയുടേത് പ്രതികളെ സഹായിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി

19 July 2022 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാൻ സീറ്റിൽ നിന്ന് എഴുനേൽക്കുന്നതിന് മുമ്പാണ് അവർ ചാടിക്കളിക്കുന്നത്;  ഇൻഡിഗോയുടേത് പ്രതികളെ സഹായിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: താൻ വിമാനത്തിൽ ഉണ്ടായിരുന്നപ്പോഴാണ് യൂത്ത് കോൺ​ഗ്രസുകാർ പ്രതിഷേധിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനം ലാന്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് തൻ്റെ അടുത്തേക്ക് വരാൻ ശ്രമിച്ചു. വിമാനത്തിന്റെ ഡോർ തുറന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഡി​ഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ ഉത്തരവ് സംഭവത്തിൽ ഉൾപ്പെട്ടവരുടെ വാദവും തെളിവുകളും കേൾക്കാതെയാണെന്ന പരാതി ഉണ്ട്. അക്രമികളെ തടഞ്ഞപ്പോള്‍ അംഗരക്ഷകനായ എസ് അനില്‍കുമാറിനും പേഴ്‌സണല്‍ അസിസ്റ്റന്റ് വിഎം സുനീഷിനും പരുക്ക് പറ്റിയെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ വധശ്രമങ്ങൾ ആദ്യമായിട്ടല്ല. മുമ്പും ഇത്തരത്തിൽ ​ഗൂഢാലോചനകൾ നടത്തി ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ ഇൻഡി​ഗോ പരാജയപ്പെട്ടു. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് ആദ്യം പരാതി നൽകാതിരുന്ന പ്രതികൾ പിന്നീട് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ തങ്ങളെ ആരെങ്കിലും ആക്രമിച്ചതായി പരാതി നൽകിയിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പ്രസം​ഗത്തിന്റെ പൂ‍ർണരൂപം-

വിമാനം ലാന്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഇങ്ങോട്ട് വരാന്‍ ശ്രമിക്കുന്നു. ആ സമയത്ത് മുദ്രാവാക്യം ഇല്ല. സ്വാഭാവികമായി എയര്‍ഹോസ്റ്റസ് ഇരിക്കാന്‍ പറയുന്നു. അവര്‍ ഇരുന്നു. രണ്ടാമതും അവര്‍ എഴുനേല്‍ക്കുന്നു. എയര്‍ഹോസ്റ്റസ് ഇരുത്തുന്നു. സാധാരണ സീറ്റ് ബെല്‍റ്റിന്റെ ചിഹ്നം ഓഫ് ആയാലാണ് ഇന്‍ഡിഗോയില്‍ ആളുകള്‍ എഴുനേല്‍ക്കുന്നത്. സീറ്റ് ബെല്‍റ്റ് ചിഹ്നം പോയ ഉടനെ തന്നെ ഇവര്‍ ചാടി വീണു. ഫ്‌ളൈറ്റ് ലാന്റ് ചെയ്ത സമയമാണത്. ഡോര്‍ പോലും തുറന്നിരുന്നില്ല. ഇതാണ് അന്ന് സംഭവിച്ചത്.

യാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമിച്ചത്. അക്രമികളെ തടഞ്ഞപ്പോള്‍ അംഗരക്ഷകനായ എസ് അനില്‍കുമാറിനും പേഴ്‌സണല്‍ അസിസ്റ്റന്റ് വിഎം സുനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 511/2022 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് അന്വേഷിച്ച് വരികയാണ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ തങ്ങളെ ആരെങ്കിലും ആക്രമിച്ചതായി പരാതി പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ തുടര്‍നടപടികളില്‍ നിന്നും ഒഴിവാകുന്നതിനും കുറ്റകൃത്യങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടി ദിവസങ്ങള്‍ക്ക് ശേഷം തങ്ങളെ അക്രമിച്ചുവെന്ന് പറഞ്ഞ് പരാതി നല്‍കുകയാണ് ചെയ്തത്. പരാതിയില്‍ അന്വേഷണം നടത്തി. വസ്തുതാ വിരുദ്ധമായതിനാല്‍ കേസെടുത്തിട്ടില്ല. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ, വിമാനത്തിന് അകത്ത് നടന്ന സംഭവമായതിനാൽ സിവിൽ ഏവിയേഷൻ നിയമം 1982 ലെ പത്താം വകുപ്പിൽ പറയുന്നത് പ്രകാരം മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയവരെ തടഞ്ഞവർക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നുണ്ട്.

സംഭവം ആസൂത്രിതമായാണ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വെളിവായത്. ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ആസൂത്രണം നടന്നത്, മുന്‍ എംഎല്‍എ കൂടിയായ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ സന്ദേശമുണ്ട്. സ്‌പോണ്‍സറെ നിശ്ചയിച്ച് പേർക്ക് ടിക്കറ്റ് 3 സംഘടിപ്പിച്ചു. അക്രമം നടത്താനായിരുന്നു ലക്ഷ്യം. യാത്രക്കാരാകെ ഭയപ്പാടോടെയാണ് സംഭവത്തെ കണ്ടത്. മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജൻ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത അക്രമികളെ തടയാന്‍ ശ്രമിച്ചു, അക്രമികളെ ജയരാജനും ഗണ്‍മാനും മറ്റും അവസരോചിതമായി ഉയര്‍ന്ന് തടഞ്ഞത് കൊണ്ടാണ് മറ്റ് അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നത്.

വധശ്രമം ആദ്യമായിട്ടല്ല. നേരത്തേയും ഉണ്ടായിട്ടുണ്ട്. വധ ശ്രമം ആക്രമണ ശ്രമം എന്നൊക്കെ പറയുന്നത് ആദ്യമായിട്ടല്ല. സണ്ണി ജോസഫിനൊക്കെ അറിയാം.തോലമ്പ്രയിൽ ഒരു കോൺ​ഗ്രസ് നേതാവ് തന്റെ നേരെയാണ് നിറയൊഴിച്ചത്. മമ്പ്രത്ത് ഞാൻ നടന്ന് പോകുമ്പോൾ ഒരാൾ തോക്കു ചൂണ്ടി. പരാതിപ്പെട്ടപ്പോൾ ഡിവൈഎസ്പി അന്വേഷിച്ച് പറഞ്ഞത് കളിത്തോക്കാണെന്നാണ്. പിണറായി സർവീസ് സഹകരണ ബാങ്കിന്റെ തറക്കല്ലിടലിനായി നടന്നു പോകുമ്പോൾ ചായക്കടയുടെ മുമ്പിൽ കൊടുവാളുമായി ചിലർ കാത്തുനിന്നിരുന്നു. മുഴപ്പിലങ്ങാടുള്ള ഒരു ​ഗുണ്ടയും സംഘവുമായിരുന്നു. അതിലെല്ലാം പങ്കെടുത്തവരാണ്, പിന്നീടും ​ഗൂഢാലോചന നടത്തിയത്. ​ഗൺമാനും ഇ പി ജയരാജനും തടഞ്ഞതുകൊണ്ടാണ് മറ്റ് അനിഷ്ട സംഭവങ്ങൾ നടക്കാഞ്ഞത്.

വിഐപി സെക്യൂരിറ്റിയുള്ള ഏതൊരാൾക്കും നേരെയും ആക്രമണമുണ്ടായാൽ അത് പ്രതിരോധിക്കാൻ വിമാനക്കമ്പനിക്ക് സംവിധാനമില്ല. അതുകൊണ്ടാണ് വാട്സാപ്പ് ചാറ്റിൽ പറഞ്ഞത് വിമാനത്തിൽ നിന്ന് ഇറക്കി വിടാൻ പറ്റില്ലെല്ലോ എന്ന്. മുഖ്യമന്ത്രിക്ക് വിമാനത്തിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഈ മെസേജിലൂടെ ആഹ്വാനം ചെയ്തത്. പദ്ധതി ആഹ്വാനം ചെയ്ത യൂത്ത് കോൺ​ഗ്രസും അതിന് കൂട്ടുനിൽക്കുന്ന കോൺ​ഗ്രസും ജനാധിപത്യത്തെ അട്ടിമറിക്കുന്നു. ഇൻഡി​ഗോയുടെ ആഭ്യന്തര അന്വേഷണ സമിതി 16-7-2022ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം സംഭവത്തിൽ ഉൾപ്പെട്ടവരുടെ വാദവും തെളിവുകളും കേൾക്കാതെയാണെന്ന പരാതി ഉയർന്നു വന്നിട്ടുണ്ട്. പ്രതികളെ സഹായിക്കുന്ന ഉത്തരവാണിത്. യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. ഞാൻ ഇറങ്ങിയതിന് ശേഷമല്ല സംഭവം നടന്നത്. ഞാൻ ആണല്ലോ യാത്ര ചെയ്തത്. ഞാൻ സീറ്റിൽ നിന്ന് എഴുനേൽക്കുന്നതിന് മുമ്പാണ് അവർ ചാടിക്കളിക്കുന്നത്. അട്ടഹാസത്തോടെയായിരുന്നു അവരുടെ വരവ്. അത് തടുക്കുന്നതിന് വേണ്ടിയാണ് ഇ പി ജയരാജൻ നടുക്ക് കയറി നിന്നത്.

STORY HIGHLIGHT: The Chief Minister said that Indigo's report is to help the accused

Next Story