പ്രതിഷേധം ഫലം കണ്ടു; തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി കൂട്ടില്ലെന്ന് കേന്ദ്രം, തീരുമാനം ജിഎസ്ടി കൗണ്‍സിലില്‍
ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം ഉണ്ടായത്.
31 Dec 2021 8:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം. വില വര്‍ധനവിനെതിരെ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം ഉണ്ടായത്.
നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്ദ്ധിപ്പിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. നാളെ മുതല്‍ നികുതി വര്‍ധിപ്പിക്കാനിരിക്കെയാണ് തീരുമാനം.
നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന വാദത്തോടെയായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. തുടര്‍ന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജി എസ് ടി കൗണ്‍സിലില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടും.
- TAGS:
- GST Council
- GST