Top

'മലയിടുക്കിൽ നിന്ന് ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന അറിയിച്ചു'; രക്ഷപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നുമാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

9 Feb 2022 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയിടുക്കിൽ നിന്ന് ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന അറിയിച്ചു; രക്ഷപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
X

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്ത് ഉണ്ട്. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നുമാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ട്. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

പുലര്‍ച്ചെ നാല് മണിയോടെ മലയിലേക്ക് കയറിയ കരസേന സംഘത്തിന് യുവാവിന്റെ അടുത്തെത്താൻ സാധിച്ചുവെന്നാണ് വിവരം. യുവാവുമായി ആശയവിനിമയം നടത്തിയ സംഘം യുവാവ് സുരക്ഷിതനാണെന്ന് അറിയിച്ചു. ഭക്ഷണവും വെള്ളവും, മരുന്നും എത്തിക്കാനും ശ്രമിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഉദ്യേ​ഗസ്ഥർ അറിയിച്ചിരുന്നു. ചെങ്കുത്താല മലയിടുക്കാണ് യുവാവിന്റെ രക്ഷാദൗത്യത്തിന് തടസ്സം. മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു.

കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. സ്ഥലത്ത് എൻഡിആർഎഫ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ബാംഗ്ലൂർ പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള പാരാ കമാൻണ്ടോസും മലമ്പുഴയിലെത്തി. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

കഴിഞ്ഞദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Next Story