Top

കര്‍ണാടക മന്ത്രിസഭയുടെ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പ് വയ്ക്കരുതെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്

13 May 2022 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ണാടക മന്ത്രിസഭയുടെ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പ് വയ്ക്കരുതെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്
X

ബംഗളൂരു: കര്‍ണാടക മന്ത്രിസഭ പാസാക്കിയ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കരുതെന്ന ആവശ്യവുമായി ബംഗളൂരു ആര്‍ച്ച് ബിഷപ് രംഗത്ത്. മത പരിവര്‍ത്തന നിരോധന നിയമം സമൂഹത്തിലെ മത ഐക്യത്തിന് വിഘാതം സൃഷ്ടിക്കുമെന്നും ഇത്തരം നിയമങ്ങള്‍ നിലവില്‍ വരുന്നത് ഖേദകരമാണെന്നും ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചഡോ പറഞ്ഞു.

മത പരിവര്‍ത്തനം കൊണ്ട് ആര്‍ക്കും ദോഷമുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമം വരുന്നതോടെ ചില സംഘടനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഈ സംഘടനകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച വിഭാഗമെന്ന നിലയില്‍ ക്രിസ്ത്യന്‍ സമൂഹം ഗവര്‍ണറോട് ആവശ്യപ്പെടുന്നത് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്‌ക്കെരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മതപരിവര്‍ത്തന ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സിന് അംഗീകാരം നേടി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ഡിസംബറിലാണ് മതപരിവര്‍ത്തന നിയമം നിയമസഭയില്‍ അവതരിക്കപ്പെട്ടത്. എന്നാല്‍ നിയമം പാസാക്കുന്നതിന് മാത്രം അംഗബലം ബിജെപിക്ക് ഇല്ലാത്തതിനാല്‍ ബില്‍ പാസാവാതെ പരിഗണനയ്ക്ക് വയ്ക്കുകയായിരുന്നു. 37 അംഗങ്ങളാണ് ബിജെപിക്ക് ഉപരിസഭയില്‍ ഉള്ളത്. കോണ്‍ഗ്രസിന് 26ഉം, ജെഡി(എസ്)10 അംഗങ്ങളും ഉണ്ട്. ചെയര്‍മാനെ കൂടാതെ ഒരു സ്വതന്ത്ര എംഎല്‍എയും കര്‍ണാടക നിയമസഭയില്‍ ഉണ്ട്. 2023ലെ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് നിയമം പ്രാഭല്യത്തില്‍ കൊണ്ടുവരാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം.

'മതസ്വാതന്ത്ര്യ സംരക്ഷ നിയമം ഞങ്ങള്‍ പാസാക്കുന്നു. ചില കാരണങ്ങളാല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ബില്ല് ഓര്‍ഡിനന്‍സായി അവതരിപ്പിച്ച് ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചു' മന്ത്രിസഭാ യോഗത്തിന് ശേഷം നിയമസഭാ കാര്യമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

മന്ത്രിസഭ പാസാക്കുന്ന എല്ലാ ഓര്‍ഡിനന്‍സും അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും മധുസ്വാമി അറിയിച്ചു. കര്‍ണാടകയെ കൂടാതെ എട്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിയമം പാസാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും നിയമം പാസാക്കിയവയില്‍ ഉള്‍പ്പെടും.

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് നിയമം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ. എസ് സി/ എസ്ടി വിഭാഗത്തില്‍പെട്ടവരെരാണ് മതം മാറ്റുന്നതെങ്കില്‍ 10 വര്‍ഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. നിയമ പ്രകാരം കുറ്റാരോപിതന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കേണ്ടി വരും. കൂട്ടത്തോടെയുള്ള പരിവര്‍ത്തനമാണെങ്കില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം.

ഇരു മതവിഭാഗത്തില്‍പെട്ടവര്‍ വിവാഹിതരായാല്‍ അവരില്‍ ആരെങ്കിലും മതം മാറിയാല്‍ കുടുംബ കോടതിയില്‍ നിയമപരമായി സാധുതയില്ല. മതം മാറുന്നതിന് 30 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു

STORY HIGHLIGHTS: The Archbishop of Bangalore has demanded that the Governor not sign the Prohibition of Conversion Ordinance passed by the Karnataka Cabinet.


Next Story

Popular Stories