Top

'ബീഫ് തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനമായി'; വെടിയുതിർത്തയാളെ മുന്‍പരിചയമില്ലെന്ന് തട്ടുകടയുടമ

പുറത്തുനിന്നയാള്‍ ബീഫ് ചോദിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ബീഫില്ലെന്ന് പറഞ്ഞപ്പോള്‍ മോശമായി തെറിവിളിച്ചു. ഭക്ഷണം തീര്‍ന്നെങ്കില്‍ പിന്നെ ഇവിടെക്കിടന്ന് ബഹളം വെച്ചിട്ടെന്താ കാര്യമെന്ന് കണ്ടുനിന്ന കുറച്ചുപേര്‍ ചോദിച്ചു.

27 March 2022 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബീഫ് തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനമായി; വെടിയുതിർത്തയാളെ മുന്‍പരിചയമില്ലെന്ന് തട്ടുകടയുടമ
X

മൂലമറ്റം വെടിവയ്പില്‍ പ്രതിക്കൊപ്പം മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നുവെന്ന് തട്ടുകടയുടമ സൗമ്യ. കടയില്‍ ഭക്ഷണം തീര്‍ന്നുപോയതാണ് പ്രകോപനത്തിന് കാരണമെന്നും സൗമ്യ പറഞ്ഞു. പ്രതികളെ കണ്ട് പരിചയമില്ല. അവരില്‍ ഒരാള്‍ നന്നായി മദ്യപിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ നോര്‍മലായിരുന്നു. അയാള്‍ ഭക്ഷണം കഴിച്ച് പണം നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. അവര്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമായി അറിയില്ലെന്നും സൗമ്യ പറഞ്ഞു.

തിരിച്ചുപോയ ഇവര്‍ കാറില്‍ തോക്കുമായി മടങ്ങിയെത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിനിടയില്‍, വെടിയേറ്റ് മരിച്ച സനല്‍ ബാബു തട്ടുകടയില്‍ വന്നിട്ടില്ലെന്നാണ് വിവരം. സനലും പ്രതിയും തമ്മില്‍ കടയില്‍വെച്ച് തര്‍ക്കമുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്നലെ ശനിയാഴ്ച ആയതുകൊണ്ട് തന്നെ നേരത്തെ ഭക്ഷണം തീര്‍ന്നിരുന്നു. നോണ്‍ വെജ് എല്ലാം തീര്‍ന്നിരുന്നു. അവരില്‍ ഒരാള്‍ അകത്തിരുന്ന് ദോശ കഴിച്ചു. പുറത്തുനിന്നയാള്‍ ബീഫ് ചോദിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ബീഫില്ലെന്ന് പറഞ്ഞപ്പോള്‍ മോശമായി തെറിവിളിച്ചു. ഭക്ഷണം തീര്‍ന്നെങ്കില്‍ പിന്നെ ഇവിടെക്കിടന്ന് ബഹളം വെച്ചിട്ടെന്താ കാര്യമെന്ന് കണ്ടുനിന്ന കുറച്ചുപേര്‍ ചോദിച്ചു. വേറെ കട നോക്കെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങിവന്ന് പിള്ളേരെ പിടിച്ചുതള്ളി. ഞാന്‍ എസ്‌ഐയെ വിളിച്ചു വിവരം പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വിളിച്ചോളുവെന്നും അദ്ദേഹം മറുപടി നല്‍കി. പിന്നാലെ പ്രതി തിരിച്ചുവരുകയും വെടിവെക്കുകയുമായിരുന്നു.' സൗമ്യ പറഞ്ഞു.

നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതി ഫിലിപ്പ് മാര്‍ട്ടിൻറെ അറസ്റ്റ് ഇതിനോടകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ വെടിവെപ്പില്‍ നാട്ടുകാരനായ ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മൂലമറ്റം സ്വദേശി പ്രദീപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അതേസമയം, ഇയാള്‍ ഉപയോഗിച്ച എയര്‍ ഗണ്‍ നേരത്തെ മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വനിതകള്‍ നടത്തുന്ന തട്ടുകടയിലെത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് മാര്‍ട്ടിന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടിലേക്കയച്ചു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ പ്രതി തട്ടുകടക്ക് സമീപം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുയും ചെയ്തു.

പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ (34) കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു കയറി. സമീപത്തുള്ള സ്വകാര്യ ആശുiപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. മുട്ടം സേറ്റഷന്‍ പരിധിയില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ അടുത്താണ് ഫിലിപ്പ് മാര്‍ട്ടിന്‍ വിദേശത്തു നിന്നും തിരിച്ചെത്തിയത്.

STORY HIGHLIGHTS: thattukada owner said they did not know the accused moolamattom murder

Next Story