Top

മുഖ്യമന്ത്രിയെ പുകഴ്ത്തി തരൂര്‍; കോണ്‍ഗ്രസില്‍ അതൃപ്തി, പരസ്യവിമര്‍ശനം

വികസനപദ്ധതികള്‍ ജനവിരുദ്ധമാണെന്ന് പറഞ്ഞ് യുഡിഎഫ് സമരം നടത്തുന്ന ഘട്ടത്തില്‍ തന്നെയായിരുന്നു തരൂരിന്റെ പരാമര്‍ശം.

26 Nov 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയെ പുകഴ്ത്തി തരൂര്‍; കോണ്‍ഗ്രസില്‍ അതൃപ്തി, പരസ്യവിമര്‍ശനം
X

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി രൂക്ഷമാകുന്നു. എറണാകുളത്തെ പ്രമുഖ നേതാവും മുന്‍ കൊച്ചി മേയറുമായ ടോണി ചമ്മിണിയാണ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. ആലുവ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരുടെ പോരാട്ടാവീര്യം കെടുത്തരുത്, അപേക്ഷയാണെന്നാണ് ടോണി തരൂരിനോട് ആവശ്യപ്പെട്ടത്.

ടോണി പറഞ്ഞത് ഇങ്ങനെ: വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷം. കേരളം ഈ ദിവസങ്ങളില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ. ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്. അപേക്ഷയാണ്.


കഴിഞ്ഞദിവസമാണ് ശശി തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.

നേരത്തെ രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പറഞ്ഞത്. മുഖ്യമന്ത്രിയോട് സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍നിന്ന് കാര്യം മനസിലാക്കുന്നതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെറെയില്‍ അടക്കമുള്ള സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ജനവിരുദ്ധമാണെന്ന് പറഞ്ഞ് യുഡിഎഫ് സമരം നടത്തുന്ന ഘട്ടത്തില്‍ തന്നെയായിരുന്നു തരൂരിന്റെ പരാമര്‍ശം. ഇതോടെയാണ് പല നേതാക്കളും പ്രവര്‍ത്തകരും തരൂരിനെതിരെ തിരിഞ്ഞത്.



Next Story

Popular Stories