Top

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ മുഖ്യാതിഥി തരൂര്‍; വേദിയൊരുക്കിയത് ഉമ്മന്‍ചാണ്ടി പക്ഷം, സതീശനെയും ചെന്നിത്തലയെയും വെട്ടി

വിവാദത്തിന് പിന്നാലെ സതീശനെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററുമായി യൂത്ത് കോൺഗ്രസ് രം​ഗത്തുവന്നു

23 Nov 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ മുഖ്യാതിഥി തരൂര്‍; വേദിയൊരുക്കിയത് ഉമ്മന്‍ചാണ്ടി പക്ഷം, സതീശനെയും ചെന്നിത്തലയെയും വെട്ടി
X

കോട്ടയം: കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി ശശി തരൂർ. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കാൻ പോകുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലാണ് തരൂർ മുഖ്യാതിഥിയാകുക. ഉമ്മന്‍ചാണ്ടി അനുകൂലികളാണ് തരൂരിന് വേദിയൊരുക്കുന്നത്. സമ്മേളനത്തിന്റെ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനേയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കിയാണ് പ്രചരണം.

യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വർഗീയ ഫാസിസത്തിനെതിരെ സന്ദേശം നൽകിയാണ് യൂത്ത് കോൺ​ഗ്രസിന്റെ മഹാസമ്മേളനം. അതേസമയം വിവാദത്തിന് പിന്നാലെ സതീശനെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററുമായി യൂത്ത് കോൺഗ്രസ് രം​ഗത്തുവന്നു. നേതാക്കളുടെ തീയതി കിട്ടാത്തത് കൊണ്ടാണ് പോസ്റ്ററിൽ ഉൾപെടുത്താത്തതെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ വിശദീകരണം. പോസ്റ്റർ വിവാദമാക്കേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതൃത്വം പറഞ്ഞു. പഴയ പോസ്റ്റർ യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടുണ്ട്.

മലബാർ സന്ദർശനത്തിന് പിന്നാലെ തരൂരിന്റെ പര്യടനം തെക്കൻ ജില്ലകളിലേക്ക് പ്രവേശിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോട്ടയത്ത് കെ എം ചാണ്ടി അനുസ്മരണത്തിലും തരൂർ പങ്കെടുക്കും. തരൂരിന്റെ മലബാർ സന്ദർശനത്തിൽ കോൺ​ഗ്രസിനകത്ത് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി എന്ന നിലയിലാണ് തന്റെ പ്രവര്‍ത്തനമെന്നും, ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും തരൂര്‍ കണ്ണൂരിൽ പറഞ്ഞു. 'വിഭാഗീയ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ വിഷമമുണ്ട്. എന്താണ് വിഭാഗീയ പ്രവര്‍ത്തനം എന്ന് അറിയണം. എന്താണ് തെറ്റ് ചെയ്തതെന്നും അറിയണം', തരൂര്‍ പ്രതികരിച്ചു.

നേതൃത്വം വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും എന്നാല്‍ ആരും ഇതുവരെ ഇതുസംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ അറിയുന്നതെന്നും തരൂര്‍ പറഞ്ഞു. 'വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. തനിക്ക് കേരളത്തില്‍ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍ വീണ്ടും രംഗത്തെത്തി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുത്. ആരെയും വില കുറച്ച് കാണരുതെന്നും കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു.

STORY HIGHLIGHTS: Tharoor as Chief Guest at Youth Congress Conference in kottayam

Next Story