Top

'ജയിലിലേക്ക് വിട്ട മജിസ്‌ട്രേറ്റിനോട് നന്ദിയുണ്ട്'; ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു, വേണ്ടെന്ന് വെച്ചുവെന്ന് പിസി ജോര്‍ജ്

' ഇപ്പോള്‍ എനിക്ക് ഏറ്റവും ഇന്നര്‍സൈഡ് കാണാന്‍ കഴിഞ്ഞു'

28 May 2022 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിലിലേക്ക് വിട്ട മജിസ്‌ട്രേറ്റിനോട് നന്ദിയുണ്ട്; ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു, വേണ്ടെന്ന് വെച്ചുവെന്ന് പിസി ജോര്‍ജ്
X

കോട്ടയം: നിയമസഭാ സമിതിയുടെ ചെയര്‍മാനായി സെന്‍ട്രല്‍ ജയിലുകള്‍ സന്ദര്‍ശിച്ചിട്ടും കാണാന്‍ കഴിയാത്ത പലതും തനിക്ക് ഒരു ദിവസത്തെ ജയില്‍ വാസത്തിനിടെ കാണാന്‍ കഴിഞ്ഞതായി പി സി ജോര്‍ജ്. ജയില്‍ മോചിതനായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്‌ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജയിലുകള്‍ക്കായി കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍, ജയിലിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ചീഫ് വിപ്പും എംഎല്‍എയുമായിരുന്നു എന്ന നിയമപ്രകാരമുള്ള പരിഗണനയില്‍ ഒറ്റയ്ക്ക് മുറി ലഭിച്ചു. ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുമായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന ഭക്ഷണം മതിയെന്ന് താന്‍ പറഞ്ഞതായും പി സി ജോര്‍ജ് പറഞ്ഞു.

ജയില്‍ അഡൈ്വസറി കമ്മിറ്റികള്‍ കൂടാറില്ലെന്ന് പറഞ്ഞ അദ്ദേഹം ജയിലിലെ തടവുകാരുടെ ദയനീയാവസ്ഥകളെക്കുറിച്ചും സംസാരിച്ചു. മുഖ്യമന്ത്രിക്കുള്ള അതേ അസുഖമുള്ള ആള്‍ക്ക് അമേരിക്കയില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് ആവശ്യമുള്ള ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി സി ജോര്‍ജിന്റെ വാക്കുകള്‍:

തൃക്കാക്കരയില്‍ ഇന്ന് അഞ്ചോ ആറോ യോഗങ്ങള്‍ ഉണ്ട്. അതില്‍ എല്ലാത്തിലും പ്രസംഗിക്കും. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസംഗങ്ങളായിരിക്കും ഇതെല്ലാം. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശം എന്താണോ അത് അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. പൗരനാണെങ്കില്‍ ബാധ്യസ്ഥനാണ്, അതുകൊണ്ട് നിയമ പ്രകാരമുള്ള പ്രസംഗങ്ങളായിരിക്കും ഇന്നത്തേത്. എന്നാല്‍, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും.

ഇപ്പൊ കേരളത്തില്‍ ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുന്നത്. കള്ളക്കടത്തുകാരനാണെങ്കില്‍ സുഖമായി ജീവിക്കാം. മോഷ്ടാവാണെങ്കില്‍ സുഖമായി ജീവിക്കാം. മദ്യ- മയക്ക് മരുന്ന് മാഫിയ ആണെങ്കില്‍ ജീവിക്കാം. വിമാനം വഴി സ്വര്‍ണ്ണവും മറ്റ് ഡ്രഗ്‌സോ കടത്തുന്നവനും ജീവിക്കാം. പാവപ്പെട്ടവന് ജീവിക്കാന്‍ കഴിയില്ല. ഇതിങ്ങിനെ പോവാന്‍ കഴിയുമോ, ജനങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേ.

ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്‌ട്രേറ്റിനോട് എനിക്ക് നന്ദിയുണ്ട്. നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പല തവണ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരുടെ യൂണിഫോം കാക്കിയായി നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നു. ഒത്തിരി കാര്യങ്ങള്‍ ജയിലുമായി ബന്ധപ്പെട്ട് ചെയ്തതാണ്. ജയലില്‍ നിന്നും മരം വഴി ഒരാള്‍ പുറത്ത് ചാടിയപ്പോള്‍ വനം വകുപ്പ് മരം വെട്ടാന്‍ അനുമതി നില്‍കിയിരുന്നില്ല. ഞാന്‍ അതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതാണ്. പക്ഷേ, ജയിലിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അന്ന് എനിക്ക് മനസ്സിലായില്ല.

എന്നാല്‍, ഇപ്പോള്‍ എനിക്ക് ഏറ്റവും ഇന്നര്‍സൈഡ് കാണാന്‍ കഴിഞ്ഞു. സിംഗിള്‍ റൂമായിട്ടുള്ള സെല്ലായിരുന്നു എനിക്ക് ലഭിച്ചത്. അത് എംഎല്‍എയായിരുന്ന, ചീഫ് വിപ്പ് ആയിരുന്നു എന്ന പരിഗണനയില്‍ നിയമപ്രകാരം കിട്ടിയതാണ്. ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു. ഞാനത് വേണ്ട എന്ന് പറഞ്ഞു. എല്ലാവര്‍ക്കും കൊടുക്കുന്ന ഭക്ഷണം മതിയെന്നു പറഞ്ഞു. നിയമം അനുസരിച്ച് പ്രത്യേക ഭക്ഷണം തരാമെന്ന് പറഞ്ഞു. ഒരു നിയമവും വേണ്ടെന്നേ, ഒരു മാറ്റവും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എല്ലാവര്‍ക്കും കൊടുക്കുന്ന ഭക്ഷണമാണ്, അവിടെയുണ്ടാക്കുന്ന ഭക്ഷണം, നല്ല ഒന്നാന്തരം ഭക്ഷണമാണെന്നേ, ഒരുപാട് നല്ല ഭക്ഷണം കഴിച്ചു. മാന്യമന്മാരായ ഉദ്യോഗസ്ഥന്മാരാണെന്നേ.

ഞാന്‍ അവിടെ കണ്ട ഒരു കാര്യം, ജയില്‍ അഡൈ്വസറി കമ്മിറ്റി കൂടാറേയില്ല. ആ ജയിലില്‍ കിടക്കുന്ന ആളുകളുടെ നില എന്താണെന്ന് അന്വേഷിക്കാന്‍ ആളില്ല. ഞാന്‍ കിടന്ന മുറിയുടെ ഓപ്പോസിറ്റുള്ള മുറിയില്‍ ഏഴ് പ്രായമായവര്‍ മരിക്കാറായി കിടക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ല. പത്ത് ഇരുപത്തഞ്ച് കൊല്ലമായി കിടക്കുയാണ് ജയിലില്‍. ഇറക്കിവിടാന്‍ ആരെങ്കിലും വേണ്ടേ. മരിക്കുമ്പോള്‍ മക്കളുടെ അടുത്ത് മരിക്കാന്‍ കഴിയേണ്ട.

STORY HIGHLIGHTS: 'Thanks to the magistrate who sent me to jail'; PC George said he would have gotten the food he wanted and turned it down

Next Story