Top

വെള്ളയില്‍ നിവാസികളെ മേയര്‍ ബീനാ ഫിലിപ്പ് അധിക്ഷേപിച്ചെന്ന് ആരോപണം; 'സവര്‍ണ- വരേണ്യ ബോധത്തിന് ആ ചരിത്രം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും'

വെള്ളയിലെ ആവിക്കലില്‍ മലിനജല പ്ലാന്റുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്

30 Jun 2022 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളയില്‍ നിവാസികളെ മേയര്‍ ബീനാ ഫിലിപ്പ് അധിക്ഷേപിച്ചെന്ന് ആരോപണം; സവര്‍ണ- വരേണ്യ ബോധത്തിന് ആ ചരിത്രം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും
X

കൊച്ചി: കോഴിക്കോട് വെള്ളയില്‍ പ്രദേശവാസികളെ മേയര്‍ ബീനാ ഫിലിപ്പ് അധിക്ഷേപിച്ചെന്ന ആരോപണവുമായി പ്രദേശവാസിയും ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റ് ജനകീയ സമരസമിതി പ്രവര്‍ത്തകനുമായ തല്‍ഹത്ത് വെള്ളയില്‍. 'വിവരം കെട്ടവരും പറഞ്ഞാല്‍ മനസ്സിലാകാത്തവരുമാണ് വെള്ളയിലുള്ളവര്‍..... ' എന്ന വിധമുള്ള അധിക്ഷേപം മേയര്‍ നടത്തിയെന്നാണ് ആരോപണം. സമരം ശക്തമായിട്ടും വെള്ളയിലെ ആവിക്കലില്‍ മലിനജല പ്ലാന്റുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്.

'വെള്ളയില്‍ പ്രദേശത്തിന്റെ ചരിത്രത്തെ സവര്‍ണ വരേണ്യ ബോധത്തിന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. അലറി മറിഞ്ഞ് വരുന്ന തിരമാലകളെ വകഞ്ഞ് മാറ്റി ജീവിതം പരുവപ്പെടുത്തുന്ന പച്ചയായ മനുഷ്യരുടെ പ്രദേശമാണ് വെള്ളയില്‍. നഗരമാലിന്യത്തിന്റെ സംഭരണ കേന്ദ്രമായി വെള്ളയില്‍ കടപ്പുറത്തെ മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല.' എന്നും തല്‍ഹത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന്റെ ഒരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായി.

ആ ഇന്റര്‍വ്യുവില്‍ മേയര്‍ വളരെ മോശമായ രീതിയിലാണ് വെള്ളയില്‍ പ്രദേശത്തെ ജനങ്ങളെ അവഹേളിച്ചിരിക്കുന്നത്. 'വിവരം കെട്ടവരും പറഞ്ഞാല്‍ മനസ്സിലാകാത്തവരുമാണ് വെള്ളയിലുള്ളവര്‍..... ' എന്ന വിധമുള്ള അധിക്ഷേപമാണ് മേയര്‍ നടത്തിയത്.

ഞാന്‍ വെള്ളയില്‍ ജനിച്ച് വളര്‍ന്ന ഒരാളാണ്. ഞങ്ങളുടെ ആത്മാഭിമാന

ബോധത്തെയാണ് മേയര്‍ അപമാനിച്ചിരിക്കുന്നത്.

ഈ പ്രദേശത്തിന് ഒരു ചരിത്രമുണ്ട്. ആ ചരിത്രം നിങ്ങള്‍ പിന്‍പറ്റുന്ന സവര്‍ണ- വരേണ്യ ബോധത്തിന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും.

അലറി മറിഞ്ഞ് വരുന്ന തിരമാലകളെ വകഞ്ഞ് മാറ്റി ജീവിതം പരുവപ്പെടുത്തുന്ന പച്ചയായ മനുഷ്യരുടെ പ്രദേശമാണ് വെള്ളയില്‍.

അദ്ധ്വാനത്തിനു് വിലപേശാനുള്ള കരുത്താര്‍ജിച്ച ഞങ്ങളുടെ പൂര്‍വ്വികര്‍ നടത്തിയ ആദ്യ പോരാട്ടം കൂലി കൂടുതല്‍ കിട്ടാനല്ല, മറിച്ച്, തൊഴിലാളികളുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പായിരുന്നു.

അന്ന് പത്തേമാരിയില്‍ ജോലി ചെയ്ത മത്സ്യതൊഴിലാളികളായ മനുഷ്യര്‍ക്ക് അന്നത്തെ തീരദേശത്തെ കുല പ്രമാണിമാര്‍ ചോറ് വിളമ്പിയത് അത്താറിന്റെ കീറ പായയിലായിരുന്നു. അത് മാറ്റി പ്ലേറ്റില്‍ [ വസിയില്‍] ചോറ് വിളമ്പണം എന്നതായിരു മുദ്രാവാക്യം.

പിന്നീട് സഖാവ് EMS ന്റെ തലക്ക് ഭരണകൂടം വില പറഞ്ഞ കാലം. സഖാവ് സുരക്ഷിതമായി വെള്ളയില്‍ എത്തി. തൊടിയില്‍ പള്ളിയുടെ തൊട്ടടുത്ത വീട്ടിലെ തട്ടിന്‍പുറത്ത് കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു ഞങ്ങളുടെ കാരണവന്‍മ്മാര്‍. EMS നെ കാണിച്ച് കൊടുത്താല്‍ അന്ന് ആയിരങ്ങള്‍ കിട്ടുമായിരുന്നു. ദിവസവും രാജ്യത്ത് നടക്കുന്ന വിവരങ്ങള്‍ ശേഖരിച്ച കടലാസുമായ് കുട്ടികള്‍ തട്ടിന്‍പുറത്ത് എത്തുമായിരുന്നു. ഒരാളും ഒറ്റുകാരനായില്ല. ഇന്ന് കങ്കാണി പണത്തിന് വേണ്ടി നിങ്ങള്‍ അടക്കം എന്റെ നാടിനെ ഒറ്റ് കൊടുക്കുമ്പോള്‍

ഞങ്ങള്‍ അഭിമാനിക്കുന്നു, ഞങ്ങളുടെ മുന്‍ തലമുറയെ ഓര്‍ത്ത്..

പിന്നീട് ഇങ്ങോട്ട് ഒട്ടനവധി പോരാട്ടങ്ങള്‍...

ഇന്ത്യ സമ്പദ് വ്യസ്ഥയില്‍ വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന ഞങ്ങള്‍ക്ക് ജീവിതത്തിന്റെ അവസാന നാളുകളില്‍ കഞ്ഞി കുടിക്കാന്‍ പെന്‍ഷന്‍ അനുവദിക്കണം. അതിനായി ഉള്ള പോരാട്ടം. അന്നും നിങ്ങളെ പോലുള്ളവര്‍ ഞങ്ങളോട് ചോദിച്ചു, ''നിങ്ങള്‍ക്ക് എന്താ കലക്ട്രേറ്റിലാണൊ ജോലി'' എന്ന്. ഞങ്ങള്‍ അതിനെയും അതിജീവിച്ചു.

പിന്നീട് മത്സ്യ ലഭ്യത കുറഞ്ഞപോള്‍, കാരണം തേടിയുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായി മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന്. അതിനായുള്ള ത്യാഗോജ്വലമായ പോരാട്ടത്തില്‍ ചെറുതല്ലാത്ത ത്യാഗം ഞങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇന്ന് ട്രോളിങ്ങ് നിരോധനം നിയമമായി മാറിട്ടുണ്ട്. പ്രളയ ദുരിതത്തിന്റെ നാളുകളില്‍ കേരളത്തിന്റെ സൈനികരായിയിരുന്നു ഞങ്ങളെങ്കില്‍, ഇപ്പോള്‍ നിങ്ങളുടെ തോന്നിവാസത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ വിവരം കെട്ടവരാവുന്നോ?

മേയര്‍,

ഒരു സംശയവും വേണ്ട,

നഗരമാലിന്യത്തിന്റെ സംഭരണ കേന്ദ്രമായി വെള്ളയില്‍ കടപ്പുറത്തെ മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല..

നെറികേടുകളെ ചോദ്യം ചെയ്യുന്ന നാടു തന്നെയാണ് വെള്ളയില്‍..

അതെ,

ഈ ധിക്കാരം ഞങ്ങളുടെ പാരമ്പര്യമാണ്.

STORY HIGHLIGHTS: Thalhath Vallayil against mayor beena philip over comment about vellayil natives

Next Story