Top

ആറുവയസുകാരനെ ചവിട്ടിയ സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു, നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തലശ്ശേരി കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്

4 Nov 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറുവയസുകാരനെ ചവിട്ടിയ സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു, നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
X

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ശിഹ്ഷാദിനെ റിമാന്‍ഡ് ചെയ്തു. തലശ്ശേരി കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കുറ്റകരമായ നരഹത്യാ ശ്രമമായിരുന്നു പ്രതിയുടേതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വയസുകാരന് നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആദ്യം കൈകൊണ്ട് തലയ്ക്ക് ഇടിച്ചു. കുട്ടി മാറാത്തതിനാല്‍ ചവിട്ടുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസ് എടുത്തു. പ്രതിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനെയാണ് ശിഹ്ഷാദ് ചവിട്ടിയത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പിന്നീട് വിട്ടയച്ച ഇയാളുടെ അറസ്റ്റ് വെളളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനേ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടുവിന് ചവിട്ടേറ്റ കുട്ടിയുടെ വാരിയെല്ലിന് ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് കുട്ടി.

Story Highlights: Thalassery Incident Accused Got Remanded

Next Story

Popular Stories