Top

പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയം: ബഹിഷ്‌കരണം തുടരുമെന്ന് അദ്ധ്യാപകര്‍, ഇന്നെത്തിയില്ലെങ്കില്‍ നടപടിയെന്ന് സര്‍ക്കാര്‍

30 April 2022 2:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയം: ബഹിഷ്‌കരണം തുടരുമെന്ന് അദ്ധ്യാപകര്‍, ഇന്നെത്തിയില്ലെങ്കില്‍ നടപടിയെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തരപേപ്പര്‍ മൂല്യനിര്‍ണയ പ്രതിസന്ധി തുടരുന്നു. ഉത്തരസൂചിക മാറ്റിയില്ലെങ്കില്‍ ബഹിഷ്‌കരണം തുടരുമെന്നാണ് അദ്ധ്യാപകരുടെ നിലപാട്. എന്നാല്‍ മൂല്യ നിര്‍ണയ ക്യാമ്പില്‍ ഇന്ന് എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാവുമെന്ന് മുന്നറിപ്പാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുള്ളത്. വകുപ്പ് നിലപാട് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഭിന്നത ശക്തമാവുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം അദ്ധ്യാപകര്‍ ഇന്നും ബഹിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇതിന്റെ പേരില്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചാല്‍ അച്ചടക്ക നടപടി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

മൂല്യനിര്‍ണയത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് സെക്രട്ടറി ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടു നിന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കുലറിലുണ്ട്. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക അട്ടിമറിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം അദ്ധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ഇത്തവണ പ്ലസ്ടു പരീക്ഷകളില്‍ ഏറ്റവും വലച്ച പരീക്ഷ് കെമിസ്ട്രിയായിരുന്നു. എന്നാല്‍ ചോദ്യക്കടലാസ് പോലെ കഠിനമാണ് ഉത്തരസൂചികയെന്നും ഇതനുസരിച്ചു മൂല്യനിര്‍ണയം നടത്തിയാല്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും തോല്‍ക്കുമെന്നാണ് മൂല്യനിര്‍ണയത്തിനു നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ വിമര്‍ശനം. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകര്‍ തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. മൂല്യനിര്‍ണയത്തിന് നല്‍കിയത് തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചികയാണെന്നും അദ്ധ്യാപകര്‍ ആരോപിക്കുന്നു.

Story Highlight: Teachers boycott Plus Two Chemistry assessment

Next Story