Top

'സുധാകരന്റെ മറുപടി തൃപ്തികരം'; നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരിഖ് അന്‍വര്‍

എന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും അതൃപ്തി ശക്തമാണ്

15 Nov 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്റെ മറുപടി തൃപ്തികരം; നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന്  താരിഖ് അന്‍വര്‍
X

തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം ചോദിച്ച് എഐസിസി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസ്ഥാന നേതൃത്വവുമായി ഇന്ന് സംസാരിച്ചു. നെഹ്‌റുവിനെ കുറിച്ചുള്ള പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരന്‍ എഐസിസിക്ക് മറുപടി നല്‍കി.

വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാണെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കി. നാക്ക് പിഴ ആര്‍ക്കും സംഭവിക്കാവുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ ഇനി ഉണ്ടാകില്ലെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.

എന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും അതൃപ്തി ശക്തമാണ്. സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുസ്‌ലിം ലീഗ് ഉന്നയിച്ചത്. സുധാകരന്റെ പ്രസ്താവനകള്‍ അനവസരത്തിലാണെന്നും കോണ്‍ഗ്രസ് പരിശോധിക്കണമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതുവേദിയില്‍ പറയുന്നത് ശരിയല്ല. നേതൃത്വത്തില്‍ ആരുവേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ആര്‍എസ്എസ് അനുകൂല പരാമര്‍ശം സുധാകരന്‍ തിരുത്തണമെന്ന് കെ മുരളീധരന്‍ എംപിയും പ്രതികരിച്ചു. ഖേദ പ്രകടനം കൊണ്ടായില്ലെന്നും മുസ്ലീം ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്കും യുഡിഎഫിനും ക്ഷീണമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

Story highlights: Tariq Anwar said that K Sudhakaran's reply is satisfied

Next Story