Top

സ്‌കൂളില്‍ നവജാതശിശുവിന്റെ മൃതദേഹം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചതെന്ന് പൊലീസ്

പേന ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചുമാറ്റി കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചു

5 Sep 2022 3:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂളില്‍ നവജാതശിശുവിന്റെ മൃതദേഹം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചതെന്ന് പൊലീസ്
X

ചെന്നൈ: സ്‌കൂള്‍ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂള്‍ അധികൃതര്‍ നവജാത ശിശുവിന്റെ മൃതദേഹം സ്‌കൂളിലെ ശുചിമുറിക്കു സമീപം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ പൊക്കിള്‍കൊടി നീക്കം ചെയ്തിരുന്നില്ല. ഇതിനാല്‍ സ്‌കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

കുഞ്ഞിനെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചതായി പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. ക്ലാസില്‍ ഇരിക്കുമ്പോള്‍ പ്രസവവേദന വന്നതിനാല്‍ ശുചിമുറിയില്‍ പോയി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പേന ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചുമാറ്റി കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചതായാണ് പെണ്‍കുട്ടി സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

സമീപത്തെ മറ്റൊരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഗര്‍ഭമുണ്ടായതെന്ന കാര്യവും കുട്ടി പൊലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആണ്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

Story Highlights: Tamilnadu Newborns body in school class 16 year old girl gave birth say Police

Next Story