Top

'എന്നെ സഹായിച്ചവര്‍ പറയുന്നത് ഞാന്‍ അനുസരിക്കും'; എച്ച്ആര്‍ഡിഎസ് സഹായം തള്ളാതെ സ്വപ്‌ന

നളിനി നെറ്റോ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും സ്വപ്ന.

29 Jun 2022 3:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നെ സഹായിച്ചവര്‍ പറയുന്നത് ഞാന്‍ അനുസരിക്കും; എച്ച്ആര്‍ഡിഎസ് സഹായം തള്ളാതെ സ്വപ്‌ന
X

ജയിലില്‍ കിടക്കുമ്പോള്‍ തന്നെ സഹായിച്ചവര്‍ പറയുന്നത് താന്‍ കേള്‍ക്കുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്. സഹായിക്കുന്നവര്‍ പറയുന്നത് മാത്രമാണ് ആരാണെങ്കിലും കേള്‍ക്കുകയെന്നും സ്വപ്‌ന പറഞ്ഞു. എസ്ആര്‍ഡിഎസ് തനിക്ക് നല്‍കുന്ന വീട്, വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തിലെ പദവിക്ക് അനുസരിച്ച് ലഭിക്കുന്നതാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്‌ന സുരേഷ് പറഞ്ഞത്: 'എന്റെ സ്ഥാനത്ത് നിങ്ങള്‍ ആരാണ് ജയിലിലെങ്കിലും ആരാണ് സഹായിക്കാന്‍ മുന്നോട്ട് വരുന്നത് അവര്‍ പറയുന്നത് നമ്മള്‍ കേട്ട് തന്നെയാവണം. എച്ച്ആര്‍ഡിഎസാണോ മറ്റ് സ്ഥാപനങ്ങളാണോ എന്റെ വീട്, എന്റെ വണ്ടി സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ അതത് സ്ഥാപനങ്ങളിലെ പദവിക്ക് ലഭിക്കുന്ന സൗകര്യങ്ങളാണ്.''

നളിനി നെറ്റോ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരികെ ചോദിച്ചപ്പോള്‍, ചോദ്യത്തെ സ്വപ്ന അവഗണിക്കുകയും ചെയ്തു. വ്യാജ ബിരുദമുണ്ടാക്കിയ വ്യക്തിയാണ് നിങ്ങള്‍, മൊഴി മാറ്റി പറഞ്ഞ വ്യക്തിയാണ് നിങ്ങള്‍, അപ്പോള്‍ നിങ്ങളുടെ വിശ്വാസ്യത ജനങ്ങള്‍ക്ക് എങ്ങനെ ബോധ്യപ്പെടുമെന്ന ചോദ്യത്തോടും സ്വപ്‌ന ഒഴിഞ്ഞുമാറി.

ആരോപണങ്ങളോട് മറു ചോദ്യങ്ങള്‍ ഉന്നയിച്ച കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറോട് പ്രതികരിക്കാനും സ്വപ്‌ന തയ്യാറായില്ല. കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ബ്രേക്ക് ആയി പോവുകയാണെന്നാണ് സ്വപ്‌ന പറഞ്ഞത്. പിന്നീട് കൈരളിയുടെ റിപ്പോര്‍ട്ടര്‍ സ്ഥലത്ത് നിന്ന് മാറിയപ്പോള്‍ സ്വപ്‌ന വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷ ആരോപണങ്ങളാണ് ഇന്നും സ്വപ്‌നാ സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷാര്‍ജാ ഷെയ്ഖിന്റെ യാത്രാ റൂട്ട് താന്‍ വഴി തിരിച്ചുവിട്ടു കൊടുത്തുവെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഇത് തടസ്സപ്പെടുത്താന്‍ വ്യവസായി എം എ യൂസഫലിയുടെ ആളുകള്‍ ശ്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ല താന്‍ വഴി തിരിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയമാണ് ഷാര്‍ജാ ഷെയ്ഖിന്റെ കേരളത്തിലെ പരിപാടികളുടെ റൂട്ട് തീരുമാനിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനിലേക്കും തിരിച്ച് ഹോട്ടലില്‍ നിന്ന് എയര്‍പ്പോര്‍ട്ടിലേക്കുമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. അന്നത്തെ എഡിജിപി മനോജ് എബ്രഹാമിനും ശിവശങ്കറിനും പൈലറ്റ് വാഹനങ്ങള്‍ക്ക് മെസേജ് കൊടുത്ത് താന്‍ ഇടപെട്ടാണ് റീ റൂട്ട് ചെയ്‌തെന്നും അവര്‍ പറഞ്ഞു.

ഷാര്‍ജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്. വീണയുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രമായിരുന്നു കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. യൂസഫലി പോലുള്ളവരെ കൂടിക്കാഴ്ചയില്‍ നിന്നും മാറ്റി നിര്‍ത്തി. ഈ കൂടിക്കാഴ്ചയില്‍ എന്താണ് കുഴപ്പമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചോദിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും സ്വപ്‌ന പറഞ്ഞു.

Next Story