Top

'എന്റെ ചുറ്റുമുളളവരെ വേട്ടയാടുന്നു'; മാധ്യമങ്ങൾക്ക് മുമ്പിൽ കുഴഞ്ഞു വീണ് സ്വപ്ന സുരേഷ്

ഒരു തീവ്രവാദിയെപ്പോലെയാണ് തന്നോട് പെരുമാറുന്നത് എന്നും സ്വപ്ന പറഞ്ഞു.

11 Jun 2022 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ ചുറ്റുമുളളവരെ വേട്ടയാടുന്നു; മാധ്യമങ്ങൾക്ക് മുമ്പിൽ കുഴഞ്ഞു വീണ് സ്വപ്ന സുരേഷ്
X

പാലക്കാട്: മാധ്യമങ്ങളുമായി സംസാരിക്കവെ കുഴഞ്ഞ് വീണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് സ്വപ്ന കുഴഞ്ഞ് വീണത്. തനിക്ക് ചുറ്റുമുള്ളവരെ വേട്ടയാടുന്നുവെന്ന് പറഞ്ഞ സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ പുറത്തുവിട്ട ഓഡിയോ എന്റെ കേസുമായി ബന്ധപ്പെട്ട് മാത്രമാണ്. ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടത്. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു അത് നടന്നു. കൃഷ്ണരാജെന്ന എന്റെ അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ഇപ്പോൾ കൃഷ്ണരാജിനെതിരേയും കേസെടുത്തിരിക്കുന്നു. എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും സ്വപ്ന പറഞ്ഞു.

നേരത്തെ ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ മതനിന്ദ കേസില്‍ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു. ഇപ്പോൾ തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി. എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

അഭിഭാഷകരെ എപ്പോഴും മാറ്റാൻ എന്റെ കയ്യിൽ പണമില്ല. ഇന്നലെ പുറത്തുവിട്ട ഓഡിയോയിൽ കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെയുളളത്. അതല്ലാതെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല എന്നും സ്വപ്ന പറഞ്ഞു. തനിക്ക് ചുറ്റുമുളളവരെ വേട്ടയാടുന്നു. ഒരു തീവ്രവാദിയെപ്പോലെയാണ് തന്നോട് പെരുമാറുന്നത് എന്നും സ്വപ്ന പറഞ്ഞു.

നേരത്തെ എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണർക്ക് ഇ-മെയിൽ വഴി പരാതി നൽകിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്നാണ് സൂചന.

STORY HIGHLIGHTS: Swapna Suresh burst into tears collapsed in front of the media

Next Story