Top

ഫാക്ടറി തൊഴിലാളിയുടെ മരണം: തനിക്ക് പകരം ജീവനക്കാരനെതിരെ കേസെടുക്കണമെന്ന് സാബു; സുപ്രീം കോടതിയില്‍ തിരിച്ചടി

കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം

25 March 2022 4:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാക്ടറി തൊഴിലാളിയുടെ മരണം: തനിക്ക് പകരം ജീവനക്കാരനെതിരെ കേസെടുക്കണമെന്ന് സാബു; സുപ്രീം കോടതിയില്‍ തിരിച്ചടി
X

ന്യൂഡല്‍ഹി: കിറ്റക്‌സ് തൊഴിലാളിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന എംഡി സാബു എം ജേക്കബിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. 2014ല്‍ ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ പിജെ അനീഷ് എന്ന തൊഴിലാളി മരിച്ച സംഭവുമായി ബന്ധപ്പെട്ട് സാബുവിനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് തള്ളണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, അന്ന് ഫാക്ടറി നടത്തിപ്പിന്റെ ചുമതല തനിക്ക് അല്ലായിരുന്നുവെന്ന സാബുവിന്റെ വാദം വിചാരണ കോടതിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. സാബു എം ജേക്കബിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി. മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനാല്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ഇവര്‍ വാദിച്ചു. ഫാക്ടറി നടത്തിപ്പിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്നും സാബു വാദിച്ചു.

എന്നാല്‍, കേസിന്റെ മെറിറ്റ് വിചാരണ കോടതിയാണ് പരിശോധിക്കേണ്ടത് എന്ന് നിരീക്ഷിച്ച കോടതി, ഫാക്ടറി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി തീരുമാനിക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2014 മെയ് 24നായിരുന്നു കിറ്റക്‌സ് തൊഴിലാളിയായ പിജെ അനീഷ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് സാബു എം ജേക്കബിനെതിരെ കേസ് എടുക്കുകയായിരുന്നു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എംഡി പരാജയപ്പെട്ടു എന്ന കുറ്റം ചുമത്തിയായിരുന്നു കേസ്.

STORY HIGHLIGHTS: Supreme Court says case against Kitex MD Sabu will prevail

Next Story