Top

വിസ്മയ കേസ്; കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

സാക്ഷി വിസ്താരം പൂർത്തിയായതിനാൽ കിരൺ കുമാറിന് ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്ന് കോട‍തി നിരീക്ഷിച്ചു.

2 March 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസ്മയ കേസ്; കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
X

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ പ്രതി കിരൺ കുമാറിന് നിരുപാധികമായി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സാക്ഷി വിസ്താരം പൂർത്തിയായതിനാൽ കിരൺ കുമാറിന് ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്ന് കോട‍തി നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കൂടിയാണ് സുപ്രീം കോടതി ജാമ്യം നൽകിയത്.

നേരത്തെ പ്രതി നൽകിയ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജി കെവി ജയകുമാറാണ് അന്ന് ജാമ്യാപേക്ഷ നിരസിച്ചത്. കേസിലെ നിലവിലെ വസ്തുതകള്‍ പരിശോധിച്ചതില്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കേസിൽ പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ളയും അനുജത്തിയും മറ്റ് ബന്ധുക്കളും കൂറു മാറിയിരുന്നു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള മൊഴി നൽകിയത്. കഴിഞ്ഞ ജൂണിലാണ് വിസ്മയയെ വീട്ടിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിസ്മയ ബന്ധുവിനയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കയച്ച സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു.

STORY HIGHLIGHTS: Vismaya Death Case; Kiran Kumar Granted Bail by Supreme Court


Next Story