Top

'ഒരു യുഡി ക്ലാര്‍ക്കിന് സീനിയോരിറ്റി ലഭിച്ചതില്‍ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടോ, നിസാരകാര്യങ്ങളുമായി വരരുത്'; കേരള സര്‍ക്കാറിന് വിമര്‍ശനം

എന്തുകൊണ്ടാണ് നിങ്ങള്‍ നല്ലത് ഒന്നും ചെയ്യാത്തത്? സ്‌കൂളുകളോ റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ നിര്‍മ്മിക്കുക. എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

14 May 2022 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു യുഡി ക്ലാര്‍ക്കിന് സീനിയോരിറ്റി ലഭിച്ചതില്‍ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടോ, നിസാരകാര്യങ്ങളുമായി വരരുത്; കേരള സര്‍ക്കാറിന് വിമര്‍ശനം
X

ന്യൂഡല്‍ഹി: നിസാര ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിക്കരുത് എന്ന് കേരള സര്‍ക്കാറിനോട് സുപ്രീം കോടതി. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ശകാരം. ജഡ്ജിമാരായ ഡിവൈചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

'സീനിയോറിറ്റി ലഭിച്ച ഒരു അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ കാര്യം സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോ എന്ന ചോദ്യമായിരുന്നു ഹര്‍ജി പരിഗണിച്ച ഉടന്‍ കോടതി ഉയര്‍ത്തിയ ചോദ്യം. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ നല്ലത് ഒന്നും ചെയ്യാത്തത്? സ്‌കൂളുകളോ റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ നിര്‍മ്മിക്കുക. എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍എസ് സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു രണ്ടംഗ ബെഞ്ചിന്റെ നടപടി. എല്‍ഡി ക്ലാര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നേരത്തെ വിധി പറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയും ഇതു ശരിവച്ചു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്ഥാനക്കയറ്റ സമയത്ത് ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെ ജോലിയില്‍ പ്രവേശിച്ച സമയം മുതല്‍ പുനര്‍നിശ്ചയിച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനം സുപ്രീം കോടതിയിലെത്തിയത്. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഹര്‍ഷദ് അമീദ് കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, ജീവനക്കാരന്‍ ജോലിയില്‍ നിന്നും വിട്ട് നിന്നതല്ല മറിച്ച്, അവധിയിലായിരുന്നു എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്നും വ്യക്തമാക്കിയായിരുന്നു കോടതി നടപടി.

Story Highlight: Supreme Court criticize State Of Kerala For Challenging Seniority Of UD Clerk

Next Story

Popular Stories