കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന ഇന്ന്; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിര്‍ണായകം
11 Oct 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന ഇന്ന് നടക്കും. കാക്കനാടുള്ള ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് പരിശോധന. രാവിലെ പതിനൊന്ന് മണിക്ക് കെ സുരേന്ദ്രന് ശബ്ദ സാംപിളുകള്‍ നല്കാന് എത്തുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സികെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴ നല്‍കിയെന്ന കേസിലാണ് നടപടി.
കെ സുരേന്ദ്രന് പുറമെ കേസില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോടും ഇന്ന് ശബ്ദ പരിശോധനയ്ക്ക് ഹാജരാവും. കേസില്‍ കെ സുരേന്ദ്രന് നിര്‍ണായകമാണ് ഇന്നത്തെ പരിശോധന. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശബ്ദ പരിശോധന. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി.