പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ചു; എസ്‌ഐക്കെതിരെ അന്വേഷണം ആരംഭിച്ചു
എസ്‌ഐ ജയശങ്കറിനെ കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും
13 Jan 2023 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: പരാതിക്കാരനെ കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ അഞ്ചാലുംമൂട് സ്റ്റേഷനിലെ എസ്‌ഐക്കെതിരെ അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ ജയശങ്കറിനെ കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രക്കുളം സ്വദേശി രാഹുലാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ അടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇരുവരെയും എസ്‌ഐ ജയശങ്കര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അടി തിരികെ കൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് എസ്‌ഐ ആവശ്യപ്പെട്ടതെന്നാണ് പരാതി.
എസ്‌ഐ പറഞ്ഞതനുസരിച്ച് രാഹുല്‍ തന്നെ അടിക്കുകയായിരുന്നുവെന്ന് സെബാസ്റ്റ്യന്റെ പരാതിയില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് സെബാസ്റ്റ്യന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Started Investigation About Anchalummoodu Police Station Incident