Top

'ഇത് ഞങ്ങളുടെ രാഷ്ട്രീയമാണ്, നിലപാടാണ്'; ഇടതുപക്ഷം അതിജീവിതക്കൊപ്പം; ശ്രീനിജൻ എംഎൽഎ

നടിക്ക് പിന്തുണയറിയിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണ്.

18 March 2022 9:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് ഞങ്ങളുടെ രാഷ്ട്രീയമാണ്, നിലപാടാണ്; ഇടതുപക്ഷം അതിജീവിതക്കൊപ്പം; ശ്രീനിജൻ എംഎൽഎ
X

എറണാകുളം: അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ. 'നടിക്ക് പിന്തുണയറിയിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണ്. ഇത് ഞങ്ങളുടെ രാഷ്ട്രീയമാണ്, നിലപാടാണ്. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് എന്നും ശ്രീനിജൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നടി ഭാവനയെ മുഖ്യതിഥിയായി ക്ഷണിച്ചിരുന്നു. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാരടക്കം അതിജീവിതയ്ക്ക് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു.

ഭാവന എത്തിയതിനെക്കുറിച്ച് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്: ''പ്രൗഢ ഗംഭീരമായ വേദിയില്‍ തളരാത്ത പോരാട്ട വീര്യത്തിന്റെ പെണ്‍കരുത്തിന് ആദരം. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അഭിനേത്രി ഭാവന ഒരു പ്രതീകമാണ്. മനസു തളര്‍ത്തുന്ന അനുഭവങ്ങളെ അസാമാന്യ മനക്കരുത്തോടെ അതിജീവിച്ച മലയാളത്തിന്റെ പ്രിയ നായികയ്ക്കുള്ള ആദരം കൂടിയായി മേളയിലേക്കുള്ള ക്ഷണം. തൊഴില്‍ മേഖലകളിലും പൊതുവിലും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടിനും പിന്തുണയ്ക്കുമുള്ള ഉദാഹരണം കൂടിയായി അത് മാറുന്നു. നിറഞ്ഞ സദസ് എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെയാണ് ഭാവനയെ സ്വീകരിച്ചത്. കേരളത്തിന്റെ പിന്തുണയാണ് ഇതിലൂടെ വ്യക്തമായത്. അതിജീവനത്തിന്റെ കരുത്ത് പ്രകടിപ്പിച്ച പ്രിയ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍.





ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ''ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.''




പ്രിയപ്പെട്ട ഭാവനയ്‌ക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടിയും താരത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുത്തത്. ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.

STORY HIGHLIGHTS: Sreenijan MLA Says Left is Stand With Survival its Our Position


Next Story