Top

കിഴക്കമ്പലം ആക്രമണം; പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക സംഘം അന്വേഷിക്കും

ആക്രമണവുമായി ബന്ധപ്പെട്ട് 156 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

26 Dec 2021 2:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഴക്കമ്പലം ആക്രമണം; പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക സംഘം അന്വേഷിക്കും
X

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 156 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിച്ചതും. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കിറ്റക്സ് കമ്പനി തെഴിലാളികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പിലാണ് ആക്രമണം നടന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളില്‍ ചിലര്‍ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ ആക്രമം നടക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമം ഉണ്ടായി.

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടക്കുന്ന സാധാരണ സംഘര്‍ഷമാണെന്നാണ് പൊലീസ് കരുതിയത്. അതിനാല്‍ കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. പക്ഷെ അവിടെ പൊലീസിന് കാണാന്‍ കഴിഞ്ഞത് ചേരി തിരിഞ്ഞ് നിന്ന് പരസ്പരം പോര്‍വിളിക്കുന്ന നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളി സംഘത്തെയാണ്. ഇവര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പൊലീസ് വാഹനത്തില്‍ നിന്നും ഇവരെ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ ഡോര്‍ ചവിട്ടിപ്പിടിച്ച ശേഷം ജീപ്പിന് തീയിട്ടു. ഇതിനിടയില്‍ പൊലീസുകാര്‍ ഇറങ്ങി ഓടുകയായിരുന്നു. പൊലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസി കണ്‍ട്രോള്‍ റൂമിലേക്ക വിളിച്ചു പറഞ്ഞതോടെയാണ് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാര്‍ എത്തിയത്. മറ്റ് സ്റ്റേഷന്‍പരിധിയില്‍ നിന്നുള്‍പ്പെടെ പൊലീസെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story