Top

'കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്തികൾ ശ്രമിക്കുന്നത്'; ഒറ്റപ്പെടുത്തണമെന്ന് സ്പീക്കർ

മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്.

17 April 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്തികൾ ശ്രമിക്കുന്നത്; ഒറ്റപ്പെടുത്തണമെന്ന് സ്പീക്കർ
X

കണ്ണൂർ: തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളും. ഇത്തരം വർഗീയ ശക്തികളെ സമൂഹത്തിൽ നിന്നും പരിപൂർണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങൾ ഉണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു. പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം.

'വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കൊലപാതകങ്ങളാണിത്. ഇതിന്റെ പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. കേരളത്തിലാകെ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുക. കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയിൽ അതിനുളള ശ്രമം ഉണ്ടായി. എന്നാൽ വിജയിച്ചില്ല. അപ്പോൾ അടുത്ത കേന്ദ്രം തെരഞ്ഞെടുക്കുകയാണ്. അക്രമങ്ങളിൽ പൊലീസ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലർ സ്ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവർ നടപ്പാക്കിയത്' എന്നും സ്പീക്കർ പറഞ്ഞു.

വെളളിയാഴ്ച പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റേയും കൊലപാതകമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെയാണ് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ആക്രമിച്ചത്. ഇരുവരേയും കാറിടിച്ച് റോഡിൽ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു.

Story highlights: Speaker M B Rajesh against rss and sdpi on Palakkad murders

Next Story