Top

'​​ഗവർണർ-സർക്കാർ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല'; സ്പീക്കർ എ എൻ ഷംസീർ

'സർക്കാർ തലത്തിലുളളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് വിശ്വാസം'

24 Oct 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​​ഗവർണർ-സർക്കാർ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല; സ്പീക്കർ എ എൻ ഷംസീർ
X

തൃശൂർ: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഭരണ പ്രതിസന്ധിയും ഉണ്ടാക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട്. എന്നാല്‍ അത് പരിഹരിക്കപ്പെടുമെന്നും സ്പീക്കര്‍ തൃശ്ശൂരില്‍ പറഞ്ഞു. സർക്കാർ തലത്തിലുളളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് വിശ്വാസം. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടാണ് ​ഗവർണർ ചില പരാമർശങ്ങൾ നടത്തിയിട്ടുളളതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

അതേസമയം ഒമ്പത് വിസിമാരുടെ രാജിയാവശ്യപ്പെട്ട ​ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. രാജി ആവശ്യം മുഖ്യമന്ത്രി തളളി. ​സംഘപരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് നടത്തുന്നത്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് വിസി നിയമനം നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വിസി നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ പ്രാഥമിക ഉത്തരവാദിത്തം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയാണ്. ഗവര്‍ണരുടെ ലോജിക് പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോയെന്ന് അലോചിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത് ഭരണഘടനയും നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ്. അതിന് വിരുദ്ധമായ പ്രവണതകള്‍ ഉണ്ടാവുമ്പോള്‍ പ്രതികരണവും ഉണ്ടാവും. കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യൂത്സാഹവും കാണിക്കുകയാണ് ഗവര്‍ണര്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നത് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കൂടിയാണ്. അതിന്റെ ഭാഗമാണ് വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ ​ഗവർണർ തയ്യാറായില്ല.

ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സിലര്‍ പദവി ദുരുപയോഗിക്കപ്പെടുന്നു. അത് ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റേയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടേയും അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്നവർക്ക് അമിതാധികാര പ്രവണതകളെ അംഗീകരിച്ചുകൊടുക്കാനാവില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനോ നീക്കം നടത്താനോ അല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരവും ചുമതലയും ഉണ്ട്. അത് സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും ഭരണഘടനയുടേയും അന്തസ് കാത്തുസൂക്ഷിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

STORY HIGHLIGHTS: Speaker AN Shamseer says governor-government issue will not create administrative crisis

Next Story