'കുഴിയിൽ വീണ് തലയ്ക്ക് പരുക്കേറ്റതാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു'; സർക്കാരിനെതിരെ കുഞ്ഞുമുഹമ്മദിന്റെ മകൻ
18 Sep 2022 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനം കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയുണ്ടായ കുഞ്ഞുമുഹമ്മദിന്റെ മരണത്തിന് ആരോഗ്യ പ്രശ്നങ്ങളും കാരണമെന്ന സർക്കാർ വാദം തളളി മകൻ കെ മനാഫ്. കുഴിയിൽ വീണ് പരുക്കേറ്റതാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി മനാഫ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് ചാലക്കൽ പതിയാട്ട് കവലയ്ക്ക് സമീപം റോഡിലെ കുഴിയിൽ ചാടി ഇരുചക്രവാഹനം മറിഞ്ഞാണ് കുഞ്ഞുമുഹമ്മദിന് ഗുരുതര പരുക്കേറ്റത്. തലയ്‌ക്കേറ്റ പരുക്ക് മൂലമുളള ബുദ്ധിമുട്ട് പതുക്കെ മാറുമെന്നും കുത്തിവെയ്പ്പുകൾ ഘട്ടം ഘട്ടമായി നിർത്താമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടെയാണ് മരണം സംഭവിച്ചതെന്നും മനാഫ് പറഞ്ഞു.
അപകടത്തിന്റെ ദൃക്സാക്ഷിയും സർക്കാർ വാദം തളളി രംഗത്തെത്തി. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും റോഡ് നന്നാക്കി കിട്ടണം എന്ന ആവശ്യം മാത്രമേയുളളുവെന്നും അദ്ദേഹം പറഞ്ഞു. ടാറിങ് നടത്തി ഒരു മാസത്തിനുള്ളിൽ തകർന്ന ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണായിരുന്നു അപകടം.
STORY HIGHLIGHTS: son rejected the government's argument in the death of Kunju Muhammad