'മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ത്ഥ്യം'; വിമര്‍ശിക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങികൊടുക്കാനാണ് തോന്നാറെന്ന് മന്ത്രി
സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന്, 'വ്യക്തിപരമായി വരുന്ന ആരോപണങ്ങളില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന ധാരണ ഞങ്ങള്‍ക്കുണ്ട്.
19 March 2023 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്: മുഖ്യമന്ത്രിയുടെ മരുമകന്‍ ആണെന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ആ പ്രയോഗം ഉപയോഗിക്കുന്നതിലൂടെ ഇടതുപക്ഷം കൂടുതല്‍ വളരുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം മനസ്സിലാക്കുന്നില്ലെന്നും മന്ത്രി പാലക്കാട് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവരോ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നവരോ അല്ല ഇടതുപക്ഷത്തുള്ളതെന്നും റിയാസ് പറഞ്ഞു.
'മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണല്ലോ. വ്യക്തിപരമായി ആക്രമണം നേരിട്ടാല്‍ പേടിച്ച് പനിച്ച് ഒരു പത്രസമ്മേളനം നടത്തികളയാം എന്ന് വിചാരിക്കുന്നവരല്ല ഞങ്ങള്‍. അത്തരമൊരു ഘട്ടം വന്നാലും ജനങ്ങളുടെ ഉറച്ച പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന് വേണ്ടി നിലകൊള്ളുന്ന യുഡിഎഫിനൊപ്പം നിന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇതില്‍ അതൃപ്തരാണ്. ആ ജനങ്ങള്‍ ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുകയാണ്. വ്യക്തിപരമായി ആക്രമണം നടത്തുന്നവര്‍ക്ക് ചായയോ കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബിരിയാണിയോ വാങ്ങികൊടുക്കുകയാണ് ചെയ്യേണ്ടത്. ഇതൊക്കെയും ഇടതുപക്ഷത്തെ വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.' പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന്, 'വ്യക്തിപരമായി വരുന്ന ആരോപണങ്ങളില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന ധാരണ ഞങ്ങള്‍ക്കുണ്ട്.ഏതില്‍ പ്രതികരിക്കണം പ്രതികരിക്കേണ്ട എന്ന അവകാശമെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതരണം. ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.' എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സഭ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം അജണ്ടയോടെ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ അസ്ഥിരപ്പെടുത്താന്‍ വലതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നും, കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് ഏജന്റ്മാര്‍ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Story Highlights: son-in-law of the Chief Minister is a reality said pa mohammed riyas