Top

അതിജീവിതയ്ക്ക് ഒപ്പമെന്ന് നിലപാട് പ്രഖ്യാപനം; അന്താരാഷ്ട്ര വേദിയില്‍ കേരളത്തിന്റെ സന്ദേശം

'ഇടതുസര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്ന നിലപാടിന്റെ ഭാഗമായാണ് ഭാവനയെ ഔദ്യോഗികമായി ക്ഷണിച്ചത്.'

18 March 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിജീവിതയ്ക്ക് ഒപ്പമെന്ന് നിലപാട് പ്രഖ്യാപനം; അന്താരാഷ്ട്ര വേദിയില്‍ കേരളത്തിന്റെ സന്ദേശം
X

അതിജീവിതയ്ക്ക് ഒപ്പമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപനത്തിന് കയ്യടിയുമായി സൈബര്‍ ലോകം. ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലേക്ക് ഭാവനയ്ക്ക് ലഭിച്ച ക്ഷണം അതിജീവിതയ്ക്ക് നല്‍കുന്ന ആദരവാണെന്ന് ആവര്‍ത്തിച്ച് പറയുകയാണ് സോഷ്യല്‍മീഡിയ. ഒരിക്കലും അപ്രതീക്ഷിതമായല്ല ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവന എത്തിയതെന്നും ഇടതുസര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്ന നിലപാടിന്റെ ഭാഗമായി ഭാവനയെ ഔദ്യോഗികമായി ക്ഷണിച്ചതാണെന്നും വ്യക്തം.




ഭാവന എത്തിയതിനെക്കുറിച്ച് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്: ''പ്രൗഢ ഗംഭീരമായ വേദിയില്‍ തളരാത്ത പോരാട്ട വീര്യത്തിന്റെ പെണ്‍കരുത്തിന് ആദരം. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അഭിനേത്രി ഭാവന ഒരു പ്രതീകമാണ്. മനസു തളര്‍ത്തുന്ന അനുഭവങ്ങളെ അസാമാന്യ മനക്കരുത്തോടെ അതിജീവിച്ച മലയാളത്തിന്റെ പ്രിയ നായികയ്ക്കുള്ള ആദരം കൂടിയായി മേളയിലേക്കുള്ള ക്ഷണം. തൊഴില്‍ മേഖലകളിലും പൊതുവിലും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടിനും പിന്തുണയ്ക്കുമുള്ള ഉദാഹരണം കൂടിയായി അത് മാറുന്നു. നിറഞ്ഞ സദസ് എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെയാണ് ഭാവനയെ സ്വീകരിച്ചത്. കേരളത്തിന്റെ പിന്തുണയാണ് ഇതിലൂടെ വ്യക്തമായത്. അതിജീവനത്തിന്റെ കരുത്ത് പ്രകടിപ്പിച്ച പ്രിയ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍.




ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ''ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.''

പ്രിയപ്പെട്ട ഭാവനയ്‌ക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടിയും താരത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു.


26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭാവന പറഞ്ഞത്: ''അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്‍കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും. നന്ദി.''




പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉപഹാരം നല്‍കി ഭാവനയെ സ്വീകരിച്ചു.

Next Story