Top

വഖഫ് ബോർഡ് പിഎസ് സി നിയമനം; സമുദായം ഇനിയും ചതിക്കപ്പെടരുതെന്ന് സത്താർ പന്തല്ലൂർ

12 Nov 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഖഫ് ബോർഡ് പിഎസ് സി നിയമനം; സമുദായം ഇനിയും ചതിക്കപ്പെടരുതെന്ന് സത്താർ പന്തല്ലൂർ
X

വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിനെതിരെ വിമർശനവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. വഖഫ് ബോർഡ് നിയമനം പിഎസ്സി വഴിയാക്കുന്നത് ദുരുപയോ​ഗപ്പെട്ടേക്കുമെന്നും ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സംഭവിച്ചതു തന്നെ ഇവി‌ടെയും സംഭവിക്കുമെന്നും സത്താർ പറയുന്നു. ഒരു വിശ്വാസിയെ ഒരു മാളത്തിൽ നിന്ന് ഒരു തവണ മാത്രമേ പാമ്പ് കടിക്കൂ എന്ന പ്രവാചക വചനവും ഇദ്ദേഹം പ്രതികരണത്തിലുൾപ്പെടുത്തി.

പ്രതികരണത്തിന്റെ പൂർണ രൂപം,

"മഹാഭൂരിപക്ഷം ജീവനക്കാരും താത്കാലിക നിയമനക്കാരാവുമ്പോൾ ആ സ്ഥാപനത്തിൻ്റെ കാര്യക്ഷമത കുറയുമെന്ന കാര്യത്തിൽ തർക്കമില്ല. അത് പലപ്പോഴും വഖഫ് ബോർഡുമായി ബന്ധപ്പെടുന്നവർക്ക് അനുഭവമുള്ളതുമാണ്. താത്കാലിക ജീവനക്കാരെത്തന്നെ കഴിവും പ്രാപ്തിയും പരിഗണിച്ച് നിശ്ചിത കാലയളവ് തികയുമ്പോൾ സ്ഥിര നിയമനം നടത്തുന്ന സംവിധാനം ഉണ്ടാക്കുന്നതിൽ കഴിഞ്ഞ കാല ബോർഡുകൾ ശ്രമിച്ചതുമില്ല. അപ്പോൾ ഈ സ്ഥാപനത്തിൻ്റെ കാര്യക്ഷമത പരിശോധിക്കുന്ന ഒരാൾക്ക് പി.എസ്.സി പോലുള്ള സംവിധാനത്തിൽ നിന്ന് മുസ് ലിംകളെത്തന്നെ നിയമിച്ചാൽ വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാവുമെന്ന് തോന്നുക സ്വാഭാവികം.

പക്ഷെ ഇത് ഏതാനും മുസ് ലിംകൾക്ക് മാത്രം ലഭിക്കുന്ന ഒരു തൊഴിലവസരമാവുമ്പോൾ അത്ര നിഷ്കളങ്കമാവില്ല ചിലരുടെ പൊതുബോധം. പി. എസ്. സി പോലുള്ള ഒരു സംവിധാനത്തിൽ നിന്ന് ഒരു സമുദായത്തെ മാത്രം നിയമിക്കുകയോ ? വഖഫ് ബോർഡ് ജീവനക്കാരുടെ ജോലി മതാചാരത്തിന് നേതൃത്വം കൊടുക്കലാണോ ? വഖഫ് ആക്ടനുസരിച്ച് ഓഫീസ് നടപടി ക്രമങ്ങൾ നടത്താൻ മുസ് ലിംകൾ തന്നെ വേണോ ? കേരള ഹജ് കമ്മിറ്റി സെക്രട്ടറി മുസ് ലിമല്ലാത്ത ജില്ലാ കലക്ടറായിരുന്നിട്ട് ഹജ്ജ് കർമത്തിന് എന്തെങ്കിലും പോരായ്മകൾ സംഭവിച്ചോ ? അത് കൊണ്ട് കഴിവുള്ള ജീവനക്കാരായാൽ പോരേ ? പി.എസ്. സി നടത്തേണ്ട ഒരു നിയമനമാവുമ്പോൾ ജനസംഖ്യാനുപാതികമായിട്ടല്ലേ ഇതെല്ലാം നടത്തേണ്ടത്..... നാളെ ഇങ്ങനെ വരാനുള്ള ചോദ്യങ്ങളേയും കോടതികളിൽ വരാനിടയുള്ള ഹരജികളേയും മറികടക്കാൻ സംസ്ഥാന സർക്കാർ പാസാക്കിയ ബില്ല് പര്യാപ്തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ ഏഴ് ശതമാനം വഖഫ് ബോർഡ് കൈപ്പറ്റുന്നു. ആ തുകയിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം കൊടുക്കുമ്പോഴും ശമ്പളം വാങ്ങേണ്ടത് ആരെന്ന് പി.എസ്.സി തീരുമാനിക്കുന്നു. ഇത് പോലെ വേറെ ഒരു സ്ഥാപനവും കേരളത്തിലില്ല എന്നതാണ് കൗതുകം.

മുസ് ലിംകളെ കുറിച്ച് മാത്രം പഠിക്കാൻ പറഞ്ഞ്, അവരുടെ പിന്നാക്കാവസ്ഥ വെളിച്ചത്ത് കൊണ്ട് വന്ന്, മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ അവർക്ക് ഉന്നത വിദ്യാഭ്യാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ സച്ചാർ റിപ്പോർട്ട് പാസാക്കി. പക്ഷെ പദ്ധതി നടപ്പാക്കാനായപ്പോൾ മുസ് ലിം എന്ന് എഴുതേണ്ടിടത്ത് ന്യൂനപക്ഷം എന്നാക്കി. കേരളത്തിലും നൂറു ശതമാനം എൺപതായി. ഒരു വ്യക്തി സമ്പാദിച്ച കോടതി വിധികൊണ്ട് മാത്രം അത് അൻപത്തി ഒൻപത് ശതമാനവുമായി. പ്രവാചകൻ്റെ ഒരു വചനമുണ്ട്. ഒരു വിശ്വാസിയെ ഒരു മാളത്തിൽ നിന്ന് ഒരു തവണ മാത്രമേ പാമ്പ് കടിക്കൂ," സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

Next Story

Popular Stories