Top

നിര്‍മ്മാണത്തിന് വേണ്ടത് 69 ലക്ഷം ക്യുബിക് മീറ്റര്‍ പാറ; ഭൂമിയേറ്റെടുക്കല്‍ വൈകിയാല്‍ പദ്ധതി 2025 ല്‍ പൂര്‍ത്തിയാവില്ലെന്ന് കെ റെയില്‍ എംഡി

16 March 2022 1:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിര്‍മ്മാണത്തിന് വേണ്ടത്  69 ലക്ഷം ക്യുബിക് മീറ്റര്‍ പാറ; ഭൂമിയേറ്റെടുക്കല്‍ വൈകിയാല്‍ പദ്ധതി  2025 ല്‍ പൂര്‍ത്തിയാവില്ലെന്ന് കെ റെയില്‍ എംഡി
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍മാണത്തിന് 69 ലക്ഷം ക്യുബിക് മീറ്റര്‍ പാറ വേണ്ടി വരുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ തടസം നേരിട്ടാല്‍ 2025 ല്‍ പദ്ധതി പൂര്‍ത്തിയാകില്ലെന്നും എംഡി വ്യക്തമാക്കി. നിയമസഭാംഗങ്ങള്‍ക്കായി പദ്ധതി വിശദീകരിക്കാന്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ചോദ്യങ്ങളും മറുപടിയും. അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും പങ്കെടുത്ത സെമിനാര്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. നിലവിലെ നിര്‍മാണത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ കേരളത്തില്‍ നിന്ന് തന്നെ ലഭ്യമാകുമോ എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. പ്രതിപക്ഷം കെ റെയിലില്‍ ഉയര്‍ത്തുന്ന ആശങ്കകളും സംശയങ്ങളുമായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങളായി ഉന്നയിച്ചത്.

പദ്ധതി നിര്‍മാണത്തിന് വേണ്ട പ്രകൃതി വിഭവങ്ങള്‍ എങ്ങനെ ലഭ്യമാക്കുമെന്ന സംശയം മുന്‍ മന്ത്രി ടിപി രാമകൃഷ്ണനും സഭയിലെ പുതുമുഖം സേവ്യര്‍ ചിറ്റിലപ്പള്ളിയും ഉയര്‍ത്തി. പരമാവധി മണ്ണും പാറയും ഇവിടെ നിന്ന് കണ്ടെത്തും. ശേഷിക്കുന്നവയ്ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കും. സാധനങ്ങള്‍ ലഭ്യമാക്കേണ്ട ബാധ്യത കോണ്‍ട്രാകര്‍മാര്‍ക്കാണ്.

നിലവില്‍ പറഞ്ഞിരിക്കുന്ന 63941 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാകുമോ എന്നായിരുന്നു ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്റെ സംശയം. എന്നാല്‍ 2025 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാലേ പദ്ധതിച്ചെലവ് ഈ തുകയില്‍ നില്‍ക്കുയെന്ന് എംഡി വ്യക്തമാക്കി. പിന്നീട് വേണ്ടി വരുന്ന ഓരോ വര്‍ഷവും ചെലവ് 5% ഉയരും. നിലവില്‍ ഭൂമി ഏറ്റെടുക്കലിന് രണ്ടും പദ്ധതി നിര്‍മാണത്തിന് മൂന്നും വര്‍ഷങ്ങളും വേണ്ടി വരും. പദ്ധതി പൂര്‍ത്തിയാകാന്‍ എത്ര കാലം എടുക്കുമെന്ന് എ പ്രഭാകരന്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.

24 കിലോ മീറ്റര്‍ എസി റോഡ് നിര്‍മിക്കാന്‍ 3 വര്‍ഷമാണ് വേണ്ടി വരുമ്പോള്‍ കെ റെയിലിന് എത്ര കാലം വേണമെന്നായിരുന്നു തോമസ് കെ തോമസിന്റെ ആശങ്ക. ആ രീതിയില്‍ 20 വര്‍ഷത്തിന് മുകളില്‍ വേണ്ടിവരും. സ്റ്റോപ്പുകള്‍ വര്‍ധിപ്പിച്ചാല്‍ 3 മണിക്കൂര്‍ 54 മിനിട്ട് കൊണ്ട് തെക്ക് വടക്ക് യാത്രയെന്ന ലക്ഷ്യം സാധ്യമാകില്ല. അതിനാല്‍ സില്‍വര്‍ ലൈനിന് 11 സ്റ്റോപ്പുകളേ ഉണ്ടാകു. 160 കിലോമീറ്ററില്‍ അധികം വേഗത്തില്‍ പോകണമെങ്കില്‍ സ്റ്റാന്റേഡ് ഗേജ് തന്നെ വേണമെന്നും അംഗങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയില്‍ എംഡി മറുപടി നല്‍കി. പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം പരിപാടിയില്‍ പങ്കെടുത്തില്ല

Content Highlight: silver line semi high speed rail seminar Thiruvananthapuram

Next Story