Top

സില്‍വര്‍ ലൈന്‍: കോണ്‍ഗ്രസ് സമരം അക്രമമുണ്ടാവും; പദ്ധതിയെ എതിര്‍ക്കാതെ സമസ്ത മുഖപത്രം

6 Jan 2022 3:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ ലൈന്‍: കോണ്‍ഗ്രസ് സമരം അക്രമമുണ്ടാവും; പദ്ധതിയെ എതിര്‍ക്കാതെ സമസ്ത മുഖപത്രം
X

കെ റെയില്‍ പദ്ധതിയുമായുമായി മുന്നോട്ട് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്ന് സമസ്ത മുഖപത്രം. സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റോറിയലിലാണ് കെ റെയിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടുകളെ പിന്തുണയ്ച്ചും കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചും രംഗത്തെത്തുന്നത്. പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്ന നിര്‍ദേശിക്കുന്ന എഡിറ്റോറിയല്‍, അതിനുള്ള വഴികളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ടുപോകാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന സര്‍വേ കല്ലുകള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരവസ്ഥ സംജാതമായാല്‍ തീര്‍ച്ചയായും അത് കേരളത്തിന്റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരും, പദ്ധതിയെ എതിര്‍ക്കുന്നവരും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാല്‍ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

പദ്ധതി നടപ്പാക്കുമ്പോള്‍ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും. സര്‍ക്കാരിന്റെ സഹയാത്രികരായ സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച ആശങ്കയകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനസമക്ഷം പരിപാടിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നതിനാല്‍ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും സമസ്ത ചുണ്ടിക്കാട്ടുന്നു.

Next Story