Top

'സില്‍വര്‍ലൈന്‍ വിശദ പദ്ധതി പഠനത്തിന് രണ്ട് വര്‍ഷം വേണം'; 93 ശതമാനം അലൈന്‍മെന്റുകളും ദുര്‍ബലപ്രദേശത്തെന്ന് അലോക് വര്‍മ

ചെലവ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല

4 May 2022 8:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ലൈന്‍ വിശദ പദ്ധതി പഠനത്തിന് രണ്ട് വര്‍ഷം വേണം; 93 ശതമാനം അലൈന്‍മെന്റുകളും ദുര്‍ബലപ്രദേശത്തെന്ന് അലോക് വര്‍മ
X

തിരുവനന്തപുരം: സിൽവർ ലെെൻ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്ന് മുൻ സിസ്ട്രാ കൺസൾട്ടന്റ് അലോക് കുമാർ വർമ്മ. പദ്ധതിയെ കുറിച്ച് അടിസ്ഥാന പഠനം പോലും നടന്നിട്ടില്ല. ചെലവ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വിശദമായ പദ്ധതി പഠനത്തിന് രണ്ട് വർഷമെങ്കിലും വേണമെന്നും കെ റെയിൽ ബദൽ സംവാദത്തിൽ അലോക് കുമാർ വർമ്മ പറഞ്ഞു. കെടിയു മുൻ വൈസ് ചാൻസലർ ഡോ.കുഞ്ചറിയ പി ഐസകും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻനായരുമാണ് പദ്ധതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചത്. പദ്ധതിയുടെ വ്യവസായ കാഴ്ചപ്പാടും സഞ്ചാര വേഗതയും ചൂണ്ടിക്കാട്ടിയാണ് അനുകൂലിച്ചത്.

പദ്ധതി ഒരു രീതിയിലും പ്രായോഗികമല്ലയെന്ന വാദമാണ് അലോക് കുമാർ വർമ ഉന്നയിച്ചത്. ഡിപിആറിൽ നിരവധി അപാകതകളുണ്ട്. ജിയോളജിക്കൽ സർവ്വേ ഉൾപ്പെടെ ഒന്നും തന്നെ പൂർത്തീകരിച്ചിട്ടില്ല. നീതി ആയോഗും പദ്ധതിയ്ക്ക് അംഗീകാരം നൽകിയിട്ടില്ല. 93% ശതമാനം അലെെൻമെന്റുകളും ദുർബലമായ പ്രദേശത്താണ്. 1.5 ലക്ഷം കോടി രൂപയാണ് ചെലവ് എന്നാണ് താൻ കണകാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കൾ വളരെ കുറഞ്ഞ പക്ഷം ആളുകൾ മാത്രമാണ്. ഇത്രമാത്രം തുക ചെലവാക്കി പദ്ധതി നടപ്പിലാക്കേണ്ട ആവശ്യമുണ്ടോ. സിസ്ട്രയെയും, കെ റെയിലിനെയും പദ്ധതിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്നും അലോക് കുമാർ വർമ്മ സംവാദത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് സിൽവർ ലെെൻ പദ്ധതി അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് പദ്ധതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കണമെന്നും അഭിപ്രായമുയർന്നു. വിശദമായ പഠനത്തിന് സാങ്കേതിക സമിതിയെ സർക്കാർ നിയോഗിക്കണമെന്ന് സിൽവർ ലൈനെ അനുകൂലിക്കുന്ന കുഞ്ചറിയ പി ഐസക് നിർദേശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്ഥലം ഏറ്റെടുക്കണം. ഓരോ ഘട്ടമായി വേണമെങ്കിലും പദ്ധതി നടപ്പാക്കാം. കല്ലിടൽ വിവാദം അനാവശ്യമായ ആവേശം കാരണം ഉണ്ടാകുന്നതാണെന്നും കുഞ്ചറിയ പറഞ്ഞു.

കെ റെയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സെമിനാറിലെ ആറംഗ പാനലിൽ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയെ അനുകൂലിക്കുന്നവരിൽ കെടിയു മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്ക്, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്എൻ രഘു ചന്ദ്രൻ എന്നിവരാണ് പങ്കെടുത്തത്. മുൻ സിസ്ട്ര പ്രോജക്ട് ഡയറക്ടർ അലോക് കുമാർ വർമ്മ, പ്രൊഫ. ആർവിജി മേനോൻ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് പദ്ധതിയെ എതിർത്ത പാനലിസ്റ്റുകൾ.

സംവാദത്തിൽ കെ–റെയിൽ പങ്കെടുത്തില്ല. ഇനി ബദൽ സംവാദങ്ങളല്ല, തുടർ സംവാദങ്ങളാണു വേണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിൻമാറിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ റെയിൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന കാര്യം അറിയിച്ചത്. സുതാര്യതയോടും സന്തുലനത്തോടെയുമാണ് സംവാദം നടത്തുന്നതെന്ന് തെളിയിക്കാൻ ജനകീയ പ്രതിരോധ സമിതിക്ക് കഴിഞ്ഞില്ലെന്നും കെ റെയിൽ അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.ഏപ്രിൽ 28ന് കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന് പിൻമാറിയ അതേ പാനൽ തന്നെയാണ് ബദൽ സംവാദത്തിൽ പങ്കെടുത്തത്. നന്ദാവനം പാണക്കാട് ഹാളിലാണു സംവാദം നടന്നത്.

STORY HIGHLIGHTS: Silver line parallel debate

Next Story