Top

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റി; എസ്‌ ഐയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി

പൊതു സ്ഥലങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി

9 Oct 2022 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റി; എസ്‌ ഐയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി
X

തലശ്ശേരി: അന്തരിച്ച മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റി. ന്യൂമാഹി എസ്ഐ വിപിനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.

ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത പൊലീസിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. കൂടാതെ 50 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തി. ശനിയാഴ്ച രാവിലെയാണ് പ്രതിഷേധങ്ങള്‍ക്കാസ്പദമായ സംഭവം നടക്കുന്നത്. ന്യൂമാഹി പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ പരിധിയിലുളള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോര്‍ഡുകളും കൊടികളും നീക്കം ചെയ്തിരുന്നു. ഇതില്‍ അന്തരിച്ച മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ഫ്ളക്സ് ബോര്‍ഡുകളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് ഡിവൈഎഫ്‌ഐ ക്കാരെ ചൊടിപ്പിച്ചത്.

ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്എ നേതാവ് വിപി വിജേഷിന്റെ നേതൃത്വത്തില്‍ വെളിയമ്പ്ര കെവി വിജേഷ്, പിവി സച്ചിന്‍, ഷൈന്‍ കുമാര്‍, പി സനീഷ് എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. എന്നാല്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ പ്രതിഷധങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കി. പൊതു സ്ഥലങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് നേതാക്കളുമായി ചര്‍ച്ചനടത്തി. ഒപ്പം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ക്ക് തിരികെ നല്‍കി. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നും പിരിഞ്ഞുപോയത്.

STORY HIGHLIGHTS: SI transferred to Kannur for removing Flex boards which are placed as a tribute to Kodiyeri

Next Story