Top

'പിണറായി അഭിനവ കരുണാകരനായി മാറുന്നു'; സര്‍ക്കാരിന്റേത് മതമേലദ്ധ്യക്ഷന്മാരെ പ്രീണിപ്പിക്കുന്ന നിലപാടെന്ന് ഷൈജു ആന്റണി

സര്‍ക്കാരും കര്‍ദിനാളും തമ്മിലുള്ള ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും ഷൈജു ആന്റണി

12 July 2022 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായി അഭിനവ കരുണാകരനായി മാറുന്നു; സര്‍ക്കാരിന്റേത് മതമേലദ്ധ്യക്ഷന്മാരെ പ്രീണിപ്പിക്കുന്ന നിലപാടെന്ന് ഷൈജു ആന്റണി
X

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സഭാ സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി. സീറോ മലബാര്‍ സഭയെ പ്രീണിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരും കര്‍ദിനാളും തമ്മിലുള്ള ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കവെ ഷൈജു ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനവ കരുണാകരനായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'പിണറായി അഭിനവ കരുണാകരനാകുന്നു എന്നത് നൂറുശതമാനം ഉറപ്പാണ്. പിണറായി വിജയന്‍ മതമേലദ്ധ്യക്ഷന്മാരെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തന്നെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ കര്‍ദിനാളിനെ വെള്ളപൂശിയതുകൊണ്ട് വിശ്വാസികള്‍ എല്‍ഡിഎഫിന് അനുകൂലമാകും എന്ന തെറ്റിദ്ധാരണ ഇവര്‍ക്കുണ്ട്. ഇവര്‍ ഈ കാലഘട്ടത്തിലല്ല ജീവിക്കുന്നത്. കുറച്ച് കര്‍ദിനാള്‍ ഭക്തരും കുറച്ച് ആളുകളും ഒഴിച്ചാല്‍ സീറോ മലബാര്‍ സഭയിലെ 90 ശതമാനം വിശ്വാസികളും സര്‍ക്കാരിന് എതിരായാണ് വോട്ടുചെയ്യാന്‍ പോകുന്നത്. കാനോന്‍ നിയമപ്രകാരമല്ല ഇടപാടുകള്‍ നടന്നതെന്ന് സഭയുടെ അന്വേഷണ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ പറയുന്നത് നേരെ തിരിച്ചാണ്', ഷൈജു ആന്റണി പറഞ്ഞു.

ഭൂമിയിടപാട് കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ല. പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

Story Highlights: Shyju Antony Against CM Pinarayi Vijayan

Next Story