Top

വിജയ് ബാബു വിഷയത്തിൽ ഇരട്ടത്താപ്പ്; 'അമ്മ' ഐസിസിയിൽ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

3 May 2022 7:22 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ബാബു വിഷയത്തിൽ ഇരട്ടത്താപ്പ്; അമ്മ ഐസിസിയിൽ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
X

അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യുടെ ഐസിസിയിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോൻ എന്നത് ശ്രദ്ധേയമാണ്.

ഇന്നലെ ശ്വേതാ മേനോൻ ഈ വിഷയത്തിൽ മോഹൻലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിൽ താരത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

തനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. ആ സാഹചര്യത്തിൽ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ അമ്മയുടെ പത്രക്കുറിപ്പിൽ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേർക്കണം. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ഇന്നലെ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോൻ രാജിക്കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം നടി മാല പാർവതിയും വിഷയത്തിൽ രാജി നൽകിയിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാൽ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമർപ്പിക്കുന്നത് എന്നും മാല പാർവതി രാജിയിൽ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയിൽ മാത്രമല്ല, സ്ത്രീകൾക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാർവതി അറിയിച്ചു.

story highlights: shwetha menon and kukku parameshwaran resigned from amma icc

Next Story