Top

'പരസ്യ നീക്കം കടുത്ത അച്ചടക്ക ലംഘനം'; വിമതര്‍ക്കെതിരെ നടപടിയെന്ന് ശ്രേയാംസ് കുമാര്‍

അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് വിമത നേതാക്കളും.

19 Nov 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരസ്യ നീക്കം കടുത്ത അച്ചടക്ക ലംഘനം; വിമതര്‍ക്കെതിരെ നടപടിയെന്ന്  ശ്രേയാംസ് കുമാര്‍
X

വിമതസ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് മുമ്പില്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍. വിഷയം നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നും പിളര്‍പ്പിന് സാധ്യതയില്ലെന്നും ശ്രേയാംസ് കുമാര്‍ അറിയിച്ചു. അതേസമയം തനിക്കെതിരായ വിമതരുടെ പരസ്യമായ നീക്കം കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിയെ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് വിമത നേതാക്കളും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമാണ് നേതാക്കള്‍ നീക്കം പരസ്യമാക്കിയത്.

പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്ന് ഷെയ്ക്ക് പി ഹാരിസ് പരിഹസിച്ചിരുന്നു.രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള്‍ നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നായിരുന്നു നേതാക്കളുടെ പക്ഷം.ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്.

ഈ മാസം 20 ന് മുന്‍പ് ശ്രേയാംസ് കുമാര്‍ രാജി വെക്കണം. 20ന് മുന്‍പ് രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് 9 മാസമായി എന്നും നേതാക്കള്‍ ആരോപിച്ചു.



Next Story