അസംബന്ധങ്ങളുടെ പേരില്‍ കൊടും ക്രൂരത കുഞ്ഞുങ്ങളോടും; ഏഴ് പതിറ്റാണ്ടിനിടെ കേരളത്തില്‍ പത്തിലധികം നരബലികള്‍
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കേരളത്തില്‍ പുറത്ത് വന്നത് പത്തില്‍ അധികം നരബലിക്കൊലകളാണ്
12 Oct 2022 3:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കഴിഞ്ഞ ദിവസം ഇലന്തൂരില്‍ നിന്ന് പുറത്തുവന്ന ക്രൂരകൊലപാതക വാര്‍ത്ത കേരളത്തിന്റെ സാസ്കാരിക വളര്‍ച്ച എത്രത്തോളമെത്തി എന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കേരളത്തില്‍ പുറത്ത് വന്നത് പത്തില്‍ അധികം നരബലിക്കൊലകളാണ്. പുറത്തുവന്ന സംഭവങ്ങളുടെ എണ്ണം മാത്രമാണിത്.
1955 (തിരുവനന്തപുരം, കാട്ടാക്കട)
ഏപ്രില്‍ 23നാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴുത്തില്‍ കുരുക്കിട്ട് 15-കാരനെ ബലികഴിച്ചത്. മൃതദേഹം മറവുചെയ്യാന്‍ ചാക്കിലാക്കി കൊണ്ടുപോകവെയായിരുന്നു പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. മന്ത്രവാദികളെയും കൂട്ടാളികളെയും നാട് കടത്താനായിരുന്നു അന്ന് സെഷന്‍സ് കോടതിയുടെ വിധി.
1956 (തൃശൂര്‍, ഗുരുവായൂര്‍)
ആനയ്ക്ക് വേണ്ടി നരബലി നടത്തിയത് 1956ല്‍ ഗുരുവായൂരിലാണ്. രാധ എന്ന ആനയുടെ അസുഖം മാറാനായി ആനപ്രേമി കൂടിയായ അപ്പസാമിയെന്ന കൃഷ്ണന്ചെട്ടിയായിരുന്നു നരബലിക്ക് നടത്തിയത്. അമ്പലത്തിന്റെ കിഴക്കേ നടയില്‍ കിടന്നുറങ്ങിയ സുഹൃത്ത് കൂടിയായ കാശി എന്നയാളെ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ച പ്രതി വിചിത്ര വാദമായിരുന്നു ഉയര്‍ത്തിയത്. ആന ഒരു വലിയ ജീവിയാണെന്നും കൊല്ലപ്പെട്ട കാശി ഒരു മനുഷ്യനാണെന്നുമായിരുന്നു വാദം. ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചത്.
1973 (കൊല്ലം)
ദേവപ്രീതിക്കായി ആറുവയസുകാരനെയാണ് കൊല്ലത്ത് ബലിനല്‍കിയത്. മെയ് 29ന് കൊല്ലം ശങ്കരോദയം എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആറുവയസുകാരന് ദേവദാസനെ അതേനാട്ടുകാരനായ അഴകേശന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദേവപ്രീതിക്കായി കൈവശം സൂക്ഷിച്ചിരുന്ന വിഗ്രഹത്തിന് മുന്നിലാണ് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. ഇയാള്‍ക്ക് വധശിക്ഷയാണ് കൊല്ലം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
1981 (ഇടുക്കി, പനംകുട്ടി)
ഡിസംബറില്‍ ഇടുക്കി പനംകുട്ടിയില്‍ വച്ചാണ് നരബലി നടന്നത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു സോഫിയ എന്ന വീട്ടമ്മയെ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം കൊന്നു കുഴിച്ചുമൂടുകയായിരുന്നു. അടുക്കളയില്‍ കുഴിച്ചിട്ട്, മുകളില്‍ ചാണകം മെഴുകിയ നിലയിലായിരുന്നു സോഫിയയുടെ മൃതദേഹം. കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്ന് മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
1983 (ഇടുക്കി, മുണ്ടിയെരുമ)
ഇടുക്കിയില്‍ തന്നെ 1983 ജൂണില്‍ നരബലിയുടെ പേരില്‍ ജീവന് നഷ്ടപ്പെട്ടത് ഒമ്പതാം ക്ലാസുകാരനായിരുന്നു. സഹോദരിയുടെ പ്രേതബാധ അകറ്റാനെന്ന പേരിലായിരുന്നു കൊല. മുണ്ടിയെരുമ ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന റഹ്മത്തിനെ അതിക്രൂരമായാണ് സ്വന്തം മാതാവും പിതാവും സഹോദരിയും അയല്‍ക്കാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ ആറ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
ഇതേവര്‍ഷം തന്നെയാണ് വയനാട്ടില്‍ നരബലി ശ്രമമുണ്ടായത്. പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന കേളപ്പനെ ബലികഴിപ്പിക്കാന്‍ ശ്രമിച്ചതിന് ആറന്മുള സ്വദേശിയായ ലക്ഷ്മി, മകന് രാമചന്ദ്രന് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
1996 (ആലപ്പുഴ, കായംകുളം)
ഡിസംബറില്‍ കായംകുളം കുഴിത്തറയില്‍ നരബലിയുടെ പേരില്‍ ജീവന് നഷ്ടപ്പെട്ടത് ആറുവയസുകാരി അജിതയ്ക്കാണ്. സന്താനലബ്ദിക്ക് വേണ്ടിയായിരുന്നു ക്രൂരകൊല. സ്കൂളില്‍ നിന്നും മടങ്ങിവരവെ വാഗ്ദാനങ്ങള്‍ നല്കി കുട്ടിയെ ദമ്പതിമാരായ വിക്രമനും തുളസിയും വീട്ടിലെത്തിക്കുകയായിരുന്നു. അര്‍ധരാത്രി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി രക്തം ഊറ്റിയെടുത്തു. കരയാന്‍ ശ്രമിച്ച കുട്ടിയുടെ വായില്‍ തുണി തിരുകിവെച്ചു. രക്തം ഉപയോഗിച്ച് പൂജ നടത്തിയ ശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. കുട്ടിയുടെ മൃതദേഹം ലഭിച്ചത് കേസില്‍ വഴിത്തിരിവായി. ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടിലാകെ പ്രതിഷേധം വ്യാപിച്ചു. അന്വേഷണത്തില്‍ ദമ്പതിമാരെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2004 (പാലക്കാട്, പട്ടാമ്പി)
പട്ടാമ്പിയില്‍ നാലു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ പൊലീസിനായിട്ടില്ല. റെയില്‍വേസ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഭാരതപ്പുഴയോട് ചേര്‍ന്നുള്ള കുളത്തില്‍ കൈകാലുകള്‍ അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കുളത്തിന് സമീപത്തെ റെയില്‍വേ ലൈനില്‍ മഞ്ഞള്‍കൊണ്ട് കളം വരച്ച് പൂജനടത്തിയതിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
2012 (തിരുവനന്തപുരം, പൂവാര്‍)
തിരുവനന്തപുരം പൂവാര്‍ സ്വദേശികളുടെ കൊലപാതകം മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആന്റണി എന്നിവരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. സ്ത്രീയുടെ മരണം ദുര്‍മന്ത്രവാദത്തില്‍ സഹികെട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ക്രിസ്തുദാസും, ആന്റണിയും ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴായാരുന്നു കൊലനടന്നത്.
2014 (മലപ്പുറം, പൊന്നാനി)
പൊന്നാനിയില്‍ അഞ്ചുമാസം ഗര്‍ഭിണി ആയിരുന്ന ഹര്സാനയും കരുനാഗപ്പള്ളി സ്വദേശി ഹസീനയും മന്ത്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടവരാണ്. ഹസീന മന്ത്രവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തല്‍. മന്ത്രവാദിയെ അറസ്റ്റ് ചെയ്തിരുന്നു.
2018 (ഇടുക്കി, വണ്ണപ്പുറം)
ഓഗസ്റ്റ് 4ന് ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് കൊലപ്പെടുത്തിയത്. വണ്ണപ്പുറം സ്വദേശി കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയത്. മോഷണത്തിന് വേണ്ടിയുള്ള കൊലയെന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയമെങ്കിലും ആഭിചാരമാണ് പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്ന് സഹായി അനീഷ് വിശ്വസിച്ചിരുന്നു. അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഒന്നാം പ്രതിയായ അനീഷിനെ കഴിഞ്ഞ വര്‍ഷം വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
2019 (കൊല്ലം, കരുനാഗപ്പള്ളി)
മാര്‍ച്ചില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തിയ തുഷാരയും, മന്ത്രവാദത്തിന്റെ കൊടുംക്രൂരതയുടെ മറ്റൊരു ഇരയാണ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നത്. ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമായിരുന്നു തൂക്കം.
2021 (പാലക്കാട്, പുതുപ്പള്ളി)
പാലക്കാട് പുതുപ്പള്ളിയില്‍ ആറുവയസുകാരനനെ മാതാവ് കൊന്നതിനു പിന്നിലും അന്ധവിശ്വമായിരുന്നു. കുട്ടിയെ വീട്ടിലെ കുളിമുറിയില്‍ കാല് കൂട്ടിക്കെട്ടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മകനെ ദൈവത്തിന് വേണ്ടി ബലി നല്‍കിയെന്നായിരുന്നു മാതാവ് ഷാഹിദ നല്കിയ മൊഴി. കേസിലെ വിചാരണ തുടരുകയാണ്.
Story Highlights: Shocking incidents like Thiruvalla reported in Kerala in seven decades