Top

'ശിവശങ്കറിനെ ധൃതിപിടിച്ച് നിയമിച്ചത് തെളിവുകൾ നശിപ്പിക്കാൻ'; സ്വപ്നയെ 'ടൂൾ' ആക്കിയെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംകെ മുനീർ

ശിവശങ്കറിനെ തിരിച്ചെടുത്തത് സ്വാധീനം ചെലുത്തി പല രേഖകളും ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും മുനീർ ചൂണ്ടിക്കാണിച്ചു.

5 Feb 2022 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവശങ്കറിനെ ധൃതിപിടിച്ച് നിയമിച്ചത് തെളിവുകൾ നശിപ്പിക്കാൻ; സ്വപ്നയെ ടൂൾ ആക്കിയെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംകെ മുനീർ
X

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എം കെ മുനീർ എംഎൽഎ. സ്വർണക്കടത്തിൽ സ്വപ്നയെ 'ടൂൾ' ആക്കിയെങ്കിൽ അതിന് മുഖ്യമന്ത്രി മറുപടി പറയണം. ജാമ്യം ലഭിച്ചതിന് ശേഷം ശിവശങ്കറിനെ ധൃതിപിടിച്ച് നിയമിച്ചതിന് പിന്നിൽ തെളിവുകൾ നശിപ്പിക്കാനാണെന്നും എംകെ മുനീർ ആരോപിച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്നും മുനീർ പറഞ്ഞു.

'ശിവശങ്കറിനെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിലുയർത്തിയ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നയുടെ പ്രതികരണം വളരെ ​ഗൗരവതരമായി എടുക്കേണ്ടതാണ്. ശിവശങ്കറിന്റെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. ഒരു ത്രില്ലർ സ്റ്റോറി കേൾക്കുന്നത് പോലെയാണ് പുതിയ വെളിപ്പെടുത്തലുകൾ കേട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ചുക്കാൻപിടിച്ച ആളെക്കുറിച്ചാണ് വെളിപ്പെടുത്തൽ വന്നിട്ടുളളത്. സ്വപ്നയും പുസ്തകം എഴുതുമെന്ന് പറയുന്നുണ്ട്. പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ശിവശങ്കർ പുസ്തകം എഴുതിയതെന്ന് സ്വപ്ന പരാമർശിക്കുന്നുണ്ട്. സർക്കാരിത് ​ഗൗരവമായി എടുക്കണം. മുഖ്യമന്ത്രിയാണ് ഇതിൽ മറുപടി പറയേണ്ടത്.'- എംകെ മുനീർ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ ഇടനാഴിയിൽ നടന്നവരാണ് സ്വപ്നയും ശിവശങ്കറും. അവർ പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അത് ഏത് രീതിയിൽ‌ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം. ജനങ്ങളുടെ എല്ലാ ആശങ്കയും പരിഹരിച്ച് കിട്ടണമെന്നും' മുനീർ പറഞ്ഞു.

'ഭരണത്തിന്റെ മറവിൽ നടന്നിട്ടുളള ആശയക്കുഴപ്പങ്ങൾ, അതോടൊപ്പം നടന്നിട്ടുള്ള കൊള്ളയും കള്ളക്കടത്തും ചർച്ചാവിഷയം ആകാൻ വീണ്ടും സമയമായി എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. കുറ്റാരോപിതനായ വ്യക്തിയെ എന്തുകൊണ്ടാണ് സർവീസിൽ തിരിച്ചെടുത്തത്?. അതൊരു ധൃതിപിടിച്ച തീരുമാനമായിരുന്നു. സ്വപ്നയുടേയും ശിവശങ്കറിന്റേയും പേരിലുളള പല കാര്യങ്ങളും അന്വേഷണ ഏജൻസി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ശിവശങ്കറിനെ തിരിച്ചെടുത്തത് സ്വാധീനം ചെലുത്തി പല രേഖകളും ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും ' മുനീർ ചൂണ്ടിക്കാണിച്ചു.

ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെയായിരുന്നു സ്വപ്നയുടെ നിർണായക വെളിപ്പെടുത്തൽ. എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണ്. ഒരു സ്ത്രീയെന്ന നിലയിൽ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാൻ. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കർ. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയിൽ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവെക്കാൻ പറഞ്ഞത് അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ അദ്ദേഹമാണ് സ്‌പേസ് പാർക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ എനിക്ക് പങ്കില്ല. ഭർത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

Next Story