Top

'നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ടെന്ന് രക്ഷിതാക്കൾ പറയണം'; വിസ്മയക്ക് സംഭവിച്ചത് ആവർത്തിക്കരുതെന്ന് ഷിംന അസീസ്

22 May 2022 12:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ടെന്ന്  രക്ഷിതാക്കൾ പറയണം; വിസ്മയക്ക് സംഭവിച്ചത്  ആവർത്തിക്കരുതെന്ന് ഷിംന അസീസ്
X

കൊച്ചി: ഭർതൃ ​ഗൃഹത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന നിസ്മയ എന്ന പെൺകുട്ടിയുടെ അവസ്ഥ ഇനിയൊരു പെൺകുട്ടിക്കും ഉണ്ടാവരുതെന്ന് ബ്ലോ​ഗർ ഡോ. ഷിംന അസീസ്. വിദ്യാഭ്യാസവും ജോലിയും നേടി സാമ്പത്തിക സ്വയം പര്യാപ്തത കൈവരിച്ച ശേഷം വിവാഹം ചെയ്യുന്നത് പെൺകുട്ടികൾക്ക് പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ഭർത്താവിനൊപ്പം ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ നീയിങ്ങ് വാ നിന്റെ മുറി ഇവിടെ തന്നെയുണ്ടെന്ന് പറയാൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാവണമെന്നും ഷിംന അസീസ് കുറിച്ചു. തനിക്ക് കിരണിന്റെ വീട്ടിൽ സഹിക്കാൻ പറ്റാത്ത പീഡനമാണെന്ന് വിസ്മയ അച്ഛനോട് കരഞ്ഞു പറഞ്ഞ ശബ്ദരേഖ ഇന്ന് പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിംന അസീസിന്റെ കുറിപ്പ്. നാളെയാണ് വിസ്മയ കേസിൽ കോടതി വിധി പറയുന്നത്.

ഷിംന അസീസിന്റെ കുറിപ്പ്,

"എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ..." കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നത്‌.

പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ ലൈറ്റിംഗും സംശയരോഗവും ടോക്‌സിക്‌ ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല. സ്‌ത്രീധനപീഡനങ്ങൾ കാണാക്കാഴ്‌ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല.

ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കേണ്ടതിൻ്റെ ആവശ്യകതയാണ്‌. പഠിച്ച്‌ ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന്‌ നൽകി വളർത്തിയവൾക്ക്‌ ജീവിതവും ഒരു ബാധ്യതയാകില്ല.

നിയമസഹായവും അതോടൊപ്പം സ്‌ത്രീസൗഹാർദപരമായ വനിത പോലീസ്‌ സ്‌റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ്‌ വെപ്പ്‌ എങ്കിലും സമൂഹത്തിൻ്റെ ഒരു പരിഛേദം എന്ന നിലയ്‌ക്ക്‌ അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന്‌ മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച്‌ നിൽക്കാനുള്ള മനോബലമാണ്‌. അതിന്‌ ഒറ്റ മാർഗമേയുള്ളൂ...സാമ്പത്തിക സ്വാതന്ത്ര്യം.

പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, "നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌" എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ.

നൊമ്പരമായി വിസ്മയയുടെ കരച്ചിൽ

ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചെന്ന് വിസ്മയ കരഞ്ഞ് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. വിസ്മയ അച്ഛനോട് സംസാരിക്കുന്ന ശബ്ദ രേഖയാണിത്. കിരൺ കുമാറിന്റെ വീട്ടിൽ ഇനി നിൽക്കാനാവില്ലെന്നും എനിക്ക് സഹിക്കാനാവില്ലെന്നും വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദരേഖയിൽ‌ കേൾക്കാം. തന്നെ ഇനിയും ഇവിടെ നിർത്തുകയാണെങ്കിൽ ഇനി ആരും എന്നെ കാണില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛൻ പറയുന്നു. കിരൺ തന്നെ മർദ്ദിക്കുമെന്നും ഇറങ്ങിപ്പോകാൻ പറയുന്നെന്നും പറയുമ്പോൾ ഇതെല്ലാം ദേഷ്യത്തിൽ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛൻ വിസ്മയെ സമാധാനിപ്പിക്കുന്നുണ്ട്.

നാളെയാണ് വിസ്മയ കേസിൽ വിധി പറയുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

Story Highlight: Shimna Azees writes about Vismaya case; says girls should be economically independent before marriage

Next Story