Top

'വിഭാഗീയ പ്രവര്‍ത്തനമെന്ന് പറയുമ്പോള്‍ വിഷമമുണ്ട്'; ഒരു പരാതിയുമില്ലെന്ന് തരൂര്‍

'രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല'

23 Nov 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഭാഗീയ പ്രവര്‍ത്തനമെന്ന് പറയുമ്പോള്‍ വിഷമമുണ്ട്; ഒരു പരാതിയുമില്ലെന്ന് തരൂര്‍
X

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കോണ്‍ഗ്രസ് എംപി എന്ന നിലയിലാണ് തന്റെ പ്രവര്‍ത്തനമെന്നും, ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും തരൂര്‍ പറഞ്ഞു. 'വിഭാഗീയ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ വിഷമമുണ്ട്. എന്താണ് വിഭാഗീയ പ്രവര്‍ത്തനം എന്ന് അറിയണം. എന്താണ് തെറ്റ് ചെയ്തതെന്നും അറിയണം', തരൂര്‍ പ്രതികരിച്ചു.

നേതൃത്വം വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും എന്നാല്‍ ആരും ഇതുവരെ ഇതുസംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നു മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ അറിയുന്നതെന്നും തരൂര്‍ പറഞ്ഞു. 'വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. തനിക്ക് കേരളത്തില്‍ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല.

പതിനാലാമത്തെ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല, ആരോടും എതിര്‍പ്പുമില്ല, ആരെയും ഭയവുമില്ല. തനിക്ക് ഒരു പരാതിയുമില്ല. ആരെങ്കിലും തന്നെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മറുപടി.

അതേസമയം തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്തെത്തി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുത്. ആരെയും വില കുറച്ച് കാണരുതെന്നും കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു.

Story Highlights: Shashi Tharoor's Response On Allegation Against Him

Next Story