Top

'വോട്ടർ പട്ടിക വിവാദം അവസാനിച്ചു'; മറുപടിയിൽ തൃപ്തനെന്ന് ശശി തരൂർ

ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു

11 Sep 2022 2:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വോട്ടർ പട്ടിക വിവാദം അവസാനിച്ചു; മറുപടിയിൽ തൃപ്തനെന്ന് ശശി തരൂർ
X

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ടുളള കത്തിന് തൃപ്തികരമായ മറുപടിയാണ് ലഭിച്ചതെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വോട്ടര്‍ പട്ടിക വിവാദം അവസാനിപ്പിക്കുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു. പാർട്ടിയുടെ പുനരുജ്ജീവനമാണ് ലക്ഷ്യം. ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ചും വോട്ടർ പട്ടിക പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും ശശി തരൂരും മറ്റ് നാല് എംപിമാരും നൽകിയ കത്തിന് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദന്‍ മിസ്ത്രി നൽകിയ മറുപടിക്ക് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്ന് ഹൈക്കമാൻഡ് മറുപടി കത്തിൽ ഉറപ്പ് നൽകി. വോട്ടര്‍ പട്ടിക ഈ മാസം 20 മുതല്‍ എഐസിസിയിലെ തന്റെ ഓഫീസിലുണ്ടാകും. ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി അറിയിച്ചു. ഓരോ പിസിസിയിലേയും പട്ടിക അവിടേയും പരിശോധിക്കാവുന്നതാണ്. പാർട്ടിയെ ശക്തിപ്പെടുത്താനുളള നേതാക്കളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മധുസൂദൻ മിസ്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കമ്മിറ്റികളുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിനിധികള്‍ക്ക് ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാർഡ് ഉളളവർക്ക് മാത്രമെ നാമനിർദേശം ചെയ്യാനാകൂ. വോട്ടർ പട്ടികയിലെ പേരും ക്രമനമ്പറും സംസ്ഥാന പട്ടികയിൽ നിന്ന് ലഭിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമർപ്പിക്കാന്‍ പത്തുപേരുടെ പിന്തുണ മതിയാകും. ഈ മാസം 20ന് രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. 9000ലേറെ ആളുകൾ മത്സര രം​ഗത്തുണ്ടെന്നും മറുപടി കത്തിൽ മധുസൂദൻ മിസ്ത്രി പറഞ്ഞു.

അതേസമയം, വോട്ടര്‍ പട്ടിക ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു. മത്സരിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടിക പിന്നീട് നല്‍കുമെന്നാണ് എഐസിസിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗങ്ങളായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബര്‍ദോലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവരാണ് തെരഞ്ഞെടുപ്പ് ചെയർമാന് കത്തയച്ചത്. വോട്ടര്‍പ്പട്ടിക കാണാതെ നാമനിര്‍ദേശം നല്‍കിയാല്‍ പിന്തുണച്ചവര്‍ക്ക് വോട്ടില്ലെന്നുപറഞ്ഞ് പത്രിക തള്ളാനാകുമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുന്നയിച്ചത്. സെപ്തംബർ 24 മുതല്‍ 30 വരെയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ 19ന് ഫലം പുറത്തുവരും.

STORY HIGHLIGHTS: Shashi Tharoor says voter list controversy in congress is over

Next Story