ഷാരോണ്‍ വധക്കേസ്: തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്
3 Nov 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയിലാണ്. അതിനാല്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്ക് ലഭിച്ച നിയമോപദേശം. ഭാവിയില്‍ പ്രതി പൊലീസ് അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിയമോപദേശം നല്കി.
അതേസമയം കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തും. കേസിലെ കുറ്റാരോപിതയായ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന് അതിര്‍ത്തിയിലാണ്.
കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും. അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലെ കണ്ടെത്തല്‍.
Story Highlights: sharon death legal advice to handover investigation to Tamilnadu police