പരിപാടിക്കിടെ ഇറങ്ങിപ്പോയി അജിത് പവാര്‍; എന്‍സിപി ദേശീയ സമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍
പാര്‍ട്ടിയിലെ ഭിന്നിപ്പാണ് ഇത് പ്രകടമാക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു
12 Sep 2022 8:46 AM GMT
ഉണ്ണിമായ ബി.വി

ന്യൂഡല്‍ഹി: എന്‍സിപി ദേശീയ സമ്മേളനത്തില്‍ നിന്ന് മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുകള്‍. എന്‍സിപി നേതാവ് ജയന്ത് പാട്ടീലിനെ പ്രസംഗിക്കാന്‍ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് അജിത് പവാര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസാരിക്കാന്‍ അവസരം നല്‍കാത്തതിലുള്ള പ്രതിഷേധത്തിലാണ് അജിത് പവാര്‍ ഇറങ്ങിപ്പോയതെന്നാണ് അഭ്യൂഹങ്ങള്‍. ഇതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് എന്‍സിപി ദേശീയ സമ്മേളനം സാക്ഷ്യം വഹിച്ചത്. പാര്‍ട്ടിയിലെ ഭിന്നിപ്പാണ് ഇത് പ്രകടമാക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു.
ജയന്ത് പാട്ടീലിന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാനായി അജിത് പവാറിനെ വിളിച്ചെങ്കിലും അദ്ദേഹം സ്റ്റേജിലെത്തിയില്ല. തുടക്കത്തില്‍ പാട്ടീല്‍ സംസാരിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. പിന്നീട് വേദിയിലെത്തി പ്രസംഗം ആരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അജിത് പവാറിന്റെ പ്രസംഗത്തിനായി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം വേദി വിട്ടു പോയത്.
ശുചിമുറിയില്‍ പോയതാണെന്നും ഉടനെ വരുമെന്നും വരുമെന്നും പ്രഫുല്‍ പട്ടേല്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നു. ഇതേസമയം, എന്‍സിപി എംപിയായ സുപ്രിയ സുലേ പിന്നാലെ പോയി. അജിത് പവാറിനെ അനുനയിപ്പിച്ച് വേദിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ശരദ് പവാര്‍ നന്ദി പ്രസംഗം ആരംഭിച്ചിരുന്നു. അതിനാല്‍ അജിത് പവാറിന് പ്രസംഗിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയുടെ ദ്വിദിന സമ്മേളനം അവസാനിക്കും വരെ അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിച്ചില്ല.
'ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടായിരുന്നു. ഞാന്‍ മഹാരാഷ്ട്രയില്‍ സംസാരിക്കും,' മാധ്യമപ്രവര്‍ത്തകരുടെ ഇതേ കുറിച്ചുള്ള ചോദ്യത്തിന് അജിത് പവാര്‍ മറുപടി നല്കി. ശനിയാഴ്ച നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ശരദ് പവാറിനെ എന്‍സിപിയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞടുത്തിരുന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ എന്‍സിപിയില്‍ നിന്ന് അജിത് പവാറാണ് നിലവില്‍ പ്രതിപക്ഷ നേതാവ്.
STORY HIGHLIGHTS: Sharad Pawar's Nephew Leaves Party Meet Midway, Sparks Rift Talk
- TAGS:
- NCP
- Ajith Pawar
- Sarath Pawar