Top

'വിപ്ലവകരമായ തീരുമാനം, ദേശീയ തലത്തിലും ഗുണം ചെയ്യും'; ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ 'ട്രോളി' ഷാനിമോള്‍

വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് അഭിനന്ദനങ്ങള്‍ എന്നും ഷാനിമോള്‍ പരിഹസിച്ചു

18 April 2022 6:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിപ്ലവകരമായ തീരുമാനം, ദേശീയ തലത്തിലും ഗുണം ചെയ്യും; ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ട്രോളി ഷാനിമോള്‍
X

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്‍. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലായിരുന്നു ഷാനിമോളുടെ ട്രോള്‍. ജെബി മേത്തര്‍ക്ക് സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനം എന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരാമര്‍ശം. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് അഭിനന്ദനങ്ങള്‍ എന്നും ഷാനിമോള്‍ പരിഹസിച്ചു.

വിപ്ലവകരമായ തീരുമാനം ദേശീയ തലത്തിലും ഗുണം ചെയ്യും. റവല്യൂഷന്‍ നടപ്പിലാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി വിളിക്കാന്‍ പോലും നേതൃത്വം മറന്നുപോയെന്നും സമിതിയെ നോക്കുകുത്തിയാക്കിയതിന് അഭിനന്ദനങ്ങളെന്നും ഷാനിമോള്‍ പരിഹസിച്ചു.

രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരിഹാസം. സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്‍ത്തകയ്ക്കാണെന്നും അവര്‍ കുറ്റപ്പെടുത്തി.

രാജ്യസഭാ സീറ്റിലേയ്ക്ക് വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ നടന്ന അവസാവട്ട ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. എകെ ആന്റണിയുടെ ഒഴിവിലേക്കായിരുന്നു ജെബി മേത്തര്‍ രാജ്യസഭയില്‍ എത്തിയത്. നാല്‍പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഒരു മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായ രാജ്യസഭയില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെബി മേത്തര്‍ നിലവില്‍ ആലുവ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായിരിക്കുമ്പോഴാണ് രാജ്യസഭയിലേക്ക് പരിഗണിച്ചത്.

ഷാനിമോള്‍ ഉസ്മാനു പുറമേ എം ലിജു, ജെയ്‌സന്‍ ജോസഫ്, എംഎം ഹസന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ പേരും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണച്ചിരുന്നു.

STORY HIGHLIGHTS: Shanimol Usman Trolls KPCC Leadership for giving Jebi Mather Rajya Sabha membership

Next Story