Top

'കര്‍മഫലം'; ധീരജ് കൊലയില്‍ കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം

സിപിഐഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെപിസിസി അധ്യക്ഷന്‍

12 Jan 2022 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍മഫലം; ധീരജ് കൊലയില്‍ കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം
X

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ അപലപിക്കാതെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. കര്‍മഫലം എന്നാണ് ധീരജ് കൊലപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം ഷമ ട്വീറ്റ് ചെയ്തത്.


ഷമയുടെ പ്രതികരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. മനുഷ്യത്വമില്ലാത്ത പ്രതികരണം എന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായപ്രകടനം.

സിപിഐഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. ധീരജ് വധത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിക്കുന്നത്.

കെ.സുധാകരന്‍ കൊലയെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നത്. കേരളത്തില്‍ വ്യാപകമായ അക്രമം നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും സനോജ് ആരോപിച്ചു.

അതേസമയം, ധീരജിനെ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പസില്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതക ഉദേശത്തോടെ സംഘമായാണ് പ്രതികള്‍ സ്ഥലത്തെത്തിയത്. ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ പ്രതികള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ പ്രതികളായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 25 വരെ റിമാന്‍ഡ് ചെയ്തത്.

ഉച്ചയോടെയാണ് നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്. രാവിലെ നിഖിലിന്റെ മൊഴി പ്രകാരം ധീരജിനെ കുത്താനുപയോഗിച്ച കത്തി ഉപേക്ഷിച്ചെന്ന് പറയപ്പെടുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇടുക്കി കളകട്രേറ്റിലേയ്ക്ക് പോകുന്ന വഴിയരികിലെ കാട്ടിലേയ്ക്ക് കത്തി വലിച്ചെറിഞ്ഞെന്നായിരുന്നു നിഖില്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പ്രാഥമികമായി ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് തെളിവെടുപ്പ് അവസാനിപ്പിച്ച് പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയത്.


Next Story