Top

'കോടിയേരിയെ അറിയാത്തവര്‍ ആരും ഈ നാട്ടിലില്ല'; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ശൈലജ ടീച്ചര്‍

'സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി'

5 March 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടിയേരിയെ അറിയാത്തവര്‍ ആരും ഈ നാട്ടിലില്ല; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ശൈലജ ടീച്ചര്‍
X

കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിത അംഗവുമായ കെകെ ശൈലജ ടീച്ചര്‍. ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്നും കണ്ണൂരില്‍ അവര്‍ പറഞ്ഞു.

'കോടിയേരിയെ അറിയാത്തവര്‍ ആരും ഈ നാട്ടിലില്ല. അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന് അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം', ശൈലജ ടീച്ചര്‍ പറഞ്ഞു.

അമ്പത് ശതമാനം സ്ത്രീകള്‍ സംസ്ഥാന സമിതിയില്‍ എത്തിയാല്‍ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ഒരു അര്‍ത്ഥത്തില്‍ അദ്ദേഹം പറയാനേ ഇടയില്ലെന്ന് ശൈലജ ടീച്ചര്‍ ആവര്‍ത്തിച്ചു. അങ്ങനെ പറയുകയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീണ്ടും മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം അതില്‍ ചോദിക്കേണ്ടതില്ലല്ലോ എന്ന് ശൈലജ ടീച്ചര്‍ മറുപടി നല്‍കി. 'സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. ഇപ്പോള്‍ തന്നെ സിപിഐഎമ്മിന്റെ രംഗത്ത് നന്നായി സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. എത്രയാളുകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായി വന്നിട്ടുണ്ട്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് കോടിയേരി. ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ഒരു ശരിയല്ല. ആ അര്‍ത്ഥം വെച്ച് പറയുന്നവരെ നമ്മള്‍ മുമ്പ് വിമര്‍ശിച്ചിട്ടുണ്ടല്ലോ'. ഇത് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അവര്‍ ന്യായീകരിച്ചു.

സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ കമ്മറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന ചോദ്യമാണ് ചിരിയോടെ കോടിയേരി ഉന്നയിച്ചത്.

കോടിയേരി പറഞ്ഞത്: 'എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. 50 ശതമാനമോ, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ. പ്രായോഗികമായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുക.'

സ്ത്രീ പുരുഷ സമത്വം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ ഈ പരിഹാസം. 'സ്ത്രീപക്ഷ കേരളം മുദ്രാവാക്യം ഉയര്‍ത്തണം. പാര്‍ട്ടി സ്ത്രീ സൗഹൃദമാകണം. നിര്‍ഭയമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം.'-കോടിയേരി പറഞ്ഞു.

STORY HIGHLIGHTS: Shailaja teacher says no anti-woman remarks were made by Kodiyeri

Next Story