'10 വര്‍ഷം മുന്‍പ് ഓട്ടോ ഡ്രൈവര്‍, ഇന്ന് 350 കോടി ആസ്തി'; ആരാണ് 'സ്റ്റാര്‍ വണ്‍ ഗ്രൂപ്പ്' തലവന്‍ ഷൈബിന്?
13 May 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുല്‍ത്താന്‍ ബത്തേരി: നാട്ടുവൈദ്യനായ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന് അഷ്റഫ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിച്ചത് കോടികള്‍. പത്ത് വര്‍ഷം മുമ്പ് ഓട്ടോറിക്ഷ ഓടിച്ചു നടന്നിരുന്ന ഷൈബിന് ഇന്ന് 350 കോടിയോളം ആസ്തിയാണുള്ളത്.
നിലവില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 30 കോടി ചെലവില്‍ ആഡംബര വീടിന്റെ പണി പൂര്‍ത്തിയാകുന്നുണ്ട്. അതിഥി മന്ദിരങ്ങളും, വാച്ച് ടവറും, താമരക്കുളവും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ അറേബ്യന്‍ മാതൃകയിലാണ് വീട് നിര്‍മ്മിക്കുന്നത്. എട്ട് വര്‍ഷം മുമ്പാണ് വീടിന്റെ നിര്‍മാണം ഷൈബിന് ആരംഭിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ ഇയാള്‍ ലഹരി മരുന്ന് കടത്തുകേസില്‍ ദുബൈയില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. വൃക്ക രോഗം ബാധിച്ചതോടെ വീട് പണി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.
മുക്കട്ടയിലും രണ്ട് കോടിയുടെ വീടും ഷൈബിന് വാങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയും നാല് ആഡംബര കാറുകളും ഇയാള്‍ക്കുണ്ട്. അബുദാബിയില്‍ അറബിയുമായി സഹകരിച്ച് ഡീസല്‍ വ്യാപാരവും, ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിച്ചു നല്കുന്ന പ്രവര്‍ത്തനങ്ങളും ഇയാള്‍ നടത്തിയിരുന്നു.
'സ്റ്റാര്‍ വണ്‍ ഗ്രൂപ്പ്' എന്ന പേരിലാണ് ഷൈബിന് അഷ്റഫിന്റെ വ്യവസായ ശ്യംഖല പ്രവര്‍ത്തിക്കുന്നത്. 2014,15 കാലഘട്ടത്തില്‍ റഹ്മത്ത് നഗര്‍, പുത്തന്‍കുന്ന്, കല്പഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് നിരവധി യുവാക്കളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടു പോയിരുന്നു. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ പലരും ഷൈബിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഷൈബിന് അഷ്റഫ് സ്പോണ്സര് ചെയ്ത വടംവലി ടീമിനെതിരെ മത്സരിച്ചു ജയിച്ച ടീമിനെ ഈ ക്വട്ടേഷന്‍ സംഘം ആക്രമിച്ചിരുന്നു. മര്‍ദനമേറ്റവരില്‍ ഒരു യുവാവ് മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പ് യുവാവ് ക്വട്ടേഷന്‍ സംഘത്തിനുമതിരെ ഷൈബിനുമെതിരെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ അന്വേഷണം അനിശ്ചിതത്വത്തിലാണ്. കൂടുതല്‍ കൊലപാതകങ്ങള്‍ക്ക് ഷൈബിന് ആസൂത്രണം ചെയ്തതിന്റെ തെളിവുകളും ഇയാളുടെ ലാപ് ടോപ്പില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അബുദാബിയിലുള്ള ഹാരീസ് എന്നയാളെയും ഒരു സ്ത്രീയെയുമാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
അതേസമയം, വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ തമിഴ് നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനുമായി ഫൊറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ വൈദ്യനെ തട്ടിക്കൊണ്ടു പാര്‍പ്പിച്ച ഷൈബിന്റെ വീട്ടില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ തുടരുന്ന ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ഷൈബിന് അഷ്റഫ് ഉള്‍പ്പെടെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ദീന് എന്നിവരും മഞ്ചേരി സബ് ജയിലിലാണ് ഉള്ളത്.
STORY HIGHLIGHTS: Shaibin Ashraf, accused in Shaba Sharif's murder case, earns crores through illegal activities