Top

'ഹോസ്റ്റല്‍ വാര്‍ഡന്മാരായിട്ടുള്ള സ്ത്രീകളുടെ മനോഭാവം മാറണം'; വിമര്‍ശിച്ച് ഷാഹിദാ കമാല്‍

നിയമങ്ങളും നിര്‍ദേശങ്ങളും എല്ലാ സ്ഥാപനങ്ങളിലുമുണ്ടാവും. പക്ഷെ അതില്‍ കടുംപിടിത്തം പിടിച്ചു നില്‍ക്കുന്നതിനോടാണ് വിയോജിപ്പ്.

18 Nov 2022 2:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹോസ്റ്റല്‍ വാര്‍ഡന്മാരായിട്ടുള്ള സ്ത്രീകളുടെ മനോഭാവം മാറണം; വിമര്‍ശിച്ച് ഷാഹിദാ കമാല്‍
X

കൊച്ചി: വനിതാ ഹോസ്റ്റലിലെ നിലവിലെ നിയന്ത്രണങ്ങളില്‍ വാര്‍ഡന്മാരുടെ ഇടപെടലിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. എല്ലാ ഹോസ്റ്റലുകളിലേയും വാര്‍ഡന്മാര്‍ വനിതകളായിരിക്കും. പുരുഷന്റെ മനോഭാവത്തേക്കാള്‍ ഹോസ്റ്റലില്‍ വാര്‍ഡന്മാരായിട്ടുള്ള സ്ത്രീകളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

നിയമങ്ങളും നിര്‍ദേശങ്ങളും എല്ലാ സ്ഥാപനങ്ങളിലുമുണ്ടാവും. പക്ഷെ അതില്‍ കടുംപിടിത്തം പിടിച്ചു നില്‍ക്കുന്നതിനോടാണ് വിയോജിപ്പ്. ഒരു പെണ്‍കുട്ടി അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്ത് പോയി പത്ത് മണിക്കോ, പന്ത്രണ്ട് മണിക്കോ വരുമ്പോള്‍ ഇന്ന് നീ ഇനി ഇവിടെ നിന്നാല്‍ മതിയെന്ന് പറയുന്ന ആ നിലപാടുകളോടും സമീപനങ്ങളോടും ആണ് വിയോജിപ്പെന്ന് ഷാഹിദാ കമാല്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടര്‍ ടി വി 3 പിഎം ഡിബേറ്റിലായിരുന്നു പ്രതികരണം.

'ആളുകളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ഒരു പെണ്‍കുട്ടിയോ സ്ത്രീയോ രാത്രി എട്ട് മണിക്ക് ശേഷം പുറത്തിറങ്ങി സഞ്ചരിക്കുന്നത് ഏതോ മോശം കാര്യം ചെയ്യാനോ, തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനോ ആണെന്ന ധാരണയാണ് ആളുകളുടെ മനസ്സില്‍. ഈ ധാരണ മാറണം. സ്ത്രീകള്‍ക്ക് നിര്‍ഭയമായി സ്വതന്ത്രമായി 24 മണിക്കൂറും സഞ്ചരിക്കാനും അവളുടെ മേഖലയില്‍ വിഹരിക്കാനമുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന ചിന്താബോധം ഉണ്ടാവണം. ഒരു സ്ത്രി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ക്ക് തടസം സൃഷ്ടിക്കുന്നത് സമൂഹമാണ്. പെണ്‍കുട്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നോ പറയുകയും ആണ്‍കുട്ടികള്‍ക്ക് എന്തുമാവാമെന്ന നമ്മുടെ കുടുംബ വ്യവസ്ഥയാണ് മാറേണ്ടത്.' ഷാഹിദ കമാല്‍ പറഞ്ഞു.

കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളെജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. കര്‍ഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്നിരിക്കെയാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണം.

Story Highlights: shahida kamal response on students Protest in hostel time restrictions

Next Story