Top

'ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും എത്തിച്ചു, കൂടെയൊരു യുവാവും'; പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് ഷാഫി പൊലീസിനോട്

കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

13 Oct 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും എത്തിച്ചു, കൂടെയൊരു യുവാവും; പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് ഷാഫി പൊലീസിനോട്
X

കൊച്ചി: ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് രണ്ടു പെണ്‍കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടെന്ന് നരബലി കേസിലെ ഒന്നാം പ്രതിയായ ഷാഫിയുടെ കുറ്റസമ്മതം. കൊച്ചിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നെന്ന് ഷാഫി അന്വേഷണസംഘത്തോട് പറഞ്ഞു.

പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ഷാഫി പൊലീസിനോട് സമ്മതിച്ചു. ക്രൂരമായ പീഡനത്തിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചെന്നും ഷാഫി പറഞ്ഞു. ഷാഫിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം, ഇലന്തൂര്‍ നരബലി കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും.

മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗും ലൈലയും. ജയിലില്‍ നിന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.

ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ലൈലയും ഇല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി അവര്‍ നല്‍കി. എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. തലയിലൂടെ തുണി മൂടി കെട്ടിയ നിലയിലായിരുന്നു പ്രതികളെ കോടതിയിലെത്തിച്ചത്.

നരബലി നടത്തിയെന്നും മനുഷ്യമാംസം കഴിച്ചെന്നും മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളുടെ അഭിഭാഷകന്‍ ബി ആളൂര്‍ കോടതിയില്‍ ആരോപിച്ചു. പ്രതികളെ മാപ്പ് സാക്ഷിയാക്കാം എന്ന് വാഗ്ദാനം നല്‍കി മറ്റുള്ളവര്‍ക്കെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും അഭിഭാഷകന്‍ വാദിച്ചു. പത്മയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പണം ലഭിക്കും എന്നറിഞ്ഞ് പ്രതിക്കൊപ്പം പോയതാണെന്നും തട്ടിക്കൊണ്ടുപോയെന്ന വാദം നിലനില്‍ക്കില്ലെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.

ഇതിനിടെ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.

Next Story