'അതീവരഹസ്യമായി കൊണ്ടുവന്നതു കൊണ്ടാണ് മരവിപ്പിക്കേണ്ടി വന്നത്'; പൂര്‍ണമായും റദ്ദാക്കണമെന്ന് ഷാഫി
'ഉത്തരവ് ഒളിച്ചുകടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മതിയായ ചര്‍ച്ച നടത്താതെ അതീവ രഹസ്യമായി കൊണ്ടുവന്നതാണ്'
2 Nov 2022 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ് പൂര്‍ണമായും റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഉത്തരവ് ഒളിച്ചുകടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മതിയായ ചര്‍ച്ച നടത്താതെ അതീവ രഹസ്യമായി കൊണ്ടുവന്നതാണ് ഉത്തരവ്. അതുകൊണ്ടാണ് ഇങ്ങനെ പിന്‍വലിക്കേണ്ടി വന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെ ഷാഫി പറമ്പില്‍ പറഞ്ഞു.
ഉത്തരവ് പൂര്‍ണമായും റദ്ദ് ചെയ്ത് എവിടെയും നടപ്പിലാക്കില്ലെന്ന ഉറപ്പ് യുവാക്കള്‍ക്ക് നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. 'പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാവുന്ന സര്‍ക്കാരാണ് ഇതെന്ന അഭിപ്രായം ഇല്ല. അതുകൊണ്ട് തന്നെ മരവിപ്പിക്കല്‍ കൊണ്ടു മാത്രം തൃപ്തരാകില്ല. അങ്ങേയറ്റം യുവജന വിരുദ്ധമായ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയാത്ത തീരുമാനമായിരുന്നു പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍. തീരുമാനം പൂര്‍ണമായും റദ്ദാക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. യുവജനങ്ങളുടെ രോഷം ഭയന്നാണ് സര്‍ക്കാരിന് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നത്. അത് പൂര്‍ണമായും റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്', ഷാഫി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇടത് യുവജന സംഘടനകള്‍ അടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തീരുമാനം. തുടര്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു.
Story Highlights: Shafi Parambil's Response On Pension Age Decision Withdrawal